കര്‍ണാടക: കോവിഡിന്റെ പുതിയ വകദേഭമായ ഒമിക്രോണ്‍ വൈറസ് വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും വൈറസ് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തുനിന്നും കര്‍ണാടകയില്‍ എത്തിയ 66ഉം 46ഉം വയസ്സുള്ള രണ്ടു പുരുഷന്മാരിലാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വൈറസ് കണ്ടെത്തിയ പശ്ചത്താലത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെ ഉടന്‍ തന്നെ ഐസലേഷനിലേക്ക് മാറ്റിയതായും രോഗവ്യാപന ഭീഷണിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ വൈറസ് എത്രത്തോളം അപകടകാരിയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കി.