BusinessHealthKERALAlocaltop news

മലബാറിലെ ആദ്യത്തെ സ്റ്റോൺ ക്ലിനിക് മേയ്ത്രയിൽ

കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലില്‍ മലബാറിലെ ആദ്യത്തെ സ്റ്റോണ്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. വൃക്ക, മൂത്രസഞ്ചി, മൂത്രനാളി തുടങ്ങിയവയില്‍ രൂപംകൊള്ളുന്ന കല്ലുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി ആരംഭിച്ച ക്ലിനിക്കില്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പരിശോധനകളും സമഗ്രമായ ചികിത്സയും ലഭ്യമാണ്. പൊതുവെ കിഡ്‌നി സ്റ്റോണുകള്‍ എന്നു വിളിക്കപ്പെടുന്ന ഇത്തരം കല്ലുകള്‍ ആവര്‍ത്തിച്ചു വരാതിരിക്കാനുള്ള തെറപികളും ക്ലിനിക്കില്‍ ലഭ്യമാണ്.
വൃക്കയിലും മറ്റുമായി ഇടയ്ക്കിടെയുണ്ടാകുന്ന കല്ലുകള്‍ ജീവിതത്തെ ദുരിതമയമാക്കുന്നതിനുള്ള പരിഹാരമായാണ് സമഗ്രമായ ചികിത്സാ സംവിധാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രത്യേക ക്ലിനിക്ക് ആരംഭിച്ചത്. ശരീരത്തില്‍ ഇത്തരത്തില്‍ കല്ലുകള്‍ രൂപം കൊള്ളുന്ന സാഹചര്യങ്ങളെക്കുറിച്ചും അത് ഒഴിവാക്കാനായി സ്വീകരിക്കേണ്ട ഭക്ഷണക്രമങ്ങളെക്കുറിച്ചും ക്ലിനിക്കിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മേയ്ത്ര ഹോസ്പിറ്റല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മേയ്ത്രയിലെ യൂറോ-സര്‍ജിക്കല്‍ സെന്ററില്‍ ഏതു വലിപ്പത്തിലുള്ള കല്ലും നീക്കം ചെയ്യാനുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മിനിമലി ഇന്‍വേസീവ് സങ്കേതങ്ങളായ റിജിഡ് / ഫ്‌ളക്‌സിബ്ള്‍ യുറിട്രോസ്‌കോപി വിത്ത് ലേസര്‍ ലിത്തോട്രിപ്‌സി, പെര്‍ക്യൂട്ടേനിയസ് നെഫ്രോലിത്തോട്ടമി (പിസിഎന്‍എല്‍) / വലിയ കല്ലുകള്‍ക്ക് മിനിപെര്‍ക് തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കല്ലുകള്‍ നീക്കം ചെയ്യുക. മേയ്ത്ര ഹോസ്പിറ്റലിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ നെഫ്രോ-യൂറോസയന്‍സസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിന് പ്രത്യേക പരിശീലനം ലഭിച്ച യൂറോളജിസ്റ്റുകള്‍ നേതൃത്വം നല്‍കും. മൂത്രമൊഴിക്കുമ്പോഴും മറ്റുമുള്ള അതികഠിനമായ വേദന മൂലം ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ ആളുകള്‍ ചികിത്സ തേടിയെത്തുന്നത് വ്യാപകമായ സാഹചര്യത്തിലാണ് മേയ്ത്ര ഹോസ്പിറ്റല്‍ ഇതിനു മാത്രമായി പ്രത്യേക ക്ലിനിക്ക് ആരംഭിക്കുന്നത്.
ലവണങ്ങള്‍ ചേര്‍ന്ന് രൂപംകൊള്ളുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള കല്ലുകള്‍ ചെറുതാണെങ്കില്‍ വെള്ളം ധാരാളമായി കുടിക്കുന്നതിലൂടെയോ മരുന്നുകള്‍ കഴിച്ചുകൊണ്ടോ പുറത്തുകളയാനാവും. എന്നാല്‍ കല്ല് വലുതാകുകയും മൂത്രനാളിയില്‍ തടസ്സമായി മാറുകയും ചെയ്താല്‍ ശസ്ത്രക്രിയ തന്നെ വേണ്ടി വരുമെന്ന് യൂറോളജി സയന്‍സസ് ഡിപാര്‍ട്ട്‌മെന്റ് മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റും റോബോട്ടിക് സര്‍ജനുമായ ഡോ. പി റോയ് ജോണ്‍ പറഞ്ഞു. രോഗാവസ്ഥയുടെ തീവ്രതയ്ക്കനുസരിച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കാനും രോഗികളെയും ബന്ധുക്കളെയും ബോധവത്കരിക്കാനും പ്രത്യേക സ്റ്റോണ്‍ ക്ലിനിക്കിലൂടെ സാധിക്കുമെന്ന് കണ്‍സല്‍ട്ടന്റും റോബോട്ടിക് സര്‍ജനുമായ ഡോ. കിരണ്‍ എസ് പറഞ്ഞു.
വൃക്കയില്‍ കല്ലുകള്‍ രൂപം കൊള്ളുന്നത് തടയുക എന്നതാണ് ഏറ്റവും ഫലപ്രദമായി ചെയ്യേണ്ടതും അതിനാവശ്യമായി ജനങ്ങളെ ബോധവത്കരിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ഏറ്റവും മികച്ച പരിചരണം നല്‍കാനും പ്രത്യേക ക്ലിനിക്കുകൊണ്ട് സാധിക്കുമെന്ന് യൂറോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. റയീസ് റഷീദ് പറഞ്ഞു.
ഓരോ രോഗാവസ്ഥകള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി, മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ ഏറ്റവും മികച്ച ചികിത്സ തക്ക സമയത്ത് ലഭ്യമാക്കുകയാണ് പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും സെന്റര്‍ ഓഫ് ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.
വ്യാഴാഴ്ചകളില്‍ രാവിലെ 11 മുതലാണ് സ്റ്റോണ്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുക. ബുക്കിംഗിന് വിളിക്കുക: 8137009456

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close