WORLD
താലിബാന്റെ കീഴില്‍ അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം.
കാബൂള്‍: താലിബാന്റെ അധിനിവേശത്തോടെ അഫ്ഗാനിസ്ഥാന്റെ സമ്പത്ത്‌വ്യവസ്ഥ കുത്തനെ ഇടിയുകയാണ്. അഫ്ഗാനിസ്ഥാന്റെ സമ്പദ്വ്യവസ്ഥ പ്രധാനമായും കാര്‍ഷിക, സേവന മേഖലകളില്‍ നിന്നായിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ ഇൗ മേഖലയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ പ്രധാനതൊഴില്‍ മേഖലയായ കാര്‍ഷിക മേഖലയില്‍ തുടരുന്ന അരക്ഷിതാവസ്ഥയും കൊടുംവരള്‍ച്ചയും സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണമാകുന്നുവെന്നാണ് ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ റൈറ്റ്സ് ആന്‍ഡ് സെക്യൂരിറ്റിയുടെ കണ്ടെത്തല്‍. പത്തില്‍ ഒമ്പത് അഫ്ഗാന്‍ കുടുംബങ്ങള്‍ക്കും ഇതിനകം മതിയായ ഭക്ഷ്യ ശേഖരം പോലും ഇല്ലാത്ത സ്ഥിതിയാണ്. കൂടാതെ 1 ദശലക്ഷത്തിലധികം കുട്ടികള്‍ പോഷകാഹാരക്കുറവും പട്ടിണി മരണവും നേരിടേണ്ടിവരുന്നു. ഇവയ്ക്ക് പുറമേ ജനസംഖ്യയിലെ പകുതിയിലധികം പേര്‍ക്കും അഞ്ചാംപനി, പോളിയോ പോലുള്ള രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഉയര്‍ന്നുവരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ ഏകദേശം 14 ദശലക്ഷം ആളുകളെ ബാധിക്കുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ മുന്നറിയിപ്പ്. കൂടാതെ ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ റൈറ്റ്സ് ആന്‍ഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച് തെക്കന്‍ കാണ്ഡഹാര്‍ പ്രവിശ്യയിലെ പ്രാദേശിക ആശുപത്രിയില്‍ പോഷകാഹാരക്കുറവ് മൂലം വാര്‍ഡില്‍ 70-ലധികം കുട്ടികള്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്ഥിനുമായി അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ ലോകബാങ്ക് നല്‍കിവരുന്ന ധനസഹായമായ 600 മില്യണ്‍ ഡോളര്‍ വെട്ടിക്കുറച്ചു. ഇത് രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കൂടാതെ, കൊവിഡ് രോഗികള്‍ക്കായി നിയോഗിക്കപ്പെട്ടവ ഉള്‍പ്പെടെ 2000 ത്തോളം ആശുപത്രികളും ക്ലിനിക്കുകളും ഫണ്ട് ക്ഷാമം മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.