KERALAlocalPolitics

തിരുവല്ലയിലെ സിപിഎം നേതാവിന്റെ കൊലപാതകം; മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയില്‍;പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് പോലീസ്

കോട്ടയം: തിരുവല്ലയില്‍ സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയില്‍. ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് നാല് പേരെയും പിടികൂടിയത്. കേസില്‍ അഞ്ച് പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. അഞ്ചാം പ്രതിയെന്ന് സംശയിക്കുന്ന വേങ്ങല്‍ സ്വദേശി അഭിയ്ക്കായി തിരിച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നടപടിക്രമങ്ങളുടെ ഭാഗമായി സന്ദീപിന്റെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതില്‍ മറ്റുചിലര്‍ കൂടി അറസ്റ്റിലാകുമെന്നാണ് സൂചന. കേസിലെ പ്രധാനപ്രതിയായ ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കം പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് സാധിച്ചു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇന്നലെ രാത്രി 8ന് നെടുമ്പ്രം ഭാഗത്തുനിന്നു വീട്ടിലേക്ക് ബൈക്കില്‍ പോകുന്ന വഴിയാണ് സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പുത്തന്‍പറമ്പില്‍ പി.ബി.സന്ദീപ് കുമാറിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. 3 ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് ചവിട്ടി വീഴ്ത്തിയ ശേഷം വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആര്‍എസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close