കോഴിക്കോട് :- റോഡപടങ്ങൾ ഒഴിവാക്കുന്നതിന് ഹമ്പുകൾക്ക് സമീപം ശാസ്ത്രീയമായ രീതിയിൽ ഇന്ത്യൻ റോഡ് കോൺഗ്രസ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
രണ്ടു മാസത്തിനകം ഇക്കാര്യത്തിൽ സ്വീകരിച്ച നപടികൾ അറിയിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
കോഴിക്കോട് ചാത്തമംഗലം അടുവാട് സ്കൂളിന് സമീപം ഹമ്പിലുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ച സംഭവം ചൂണ്ടിക്കാണിച്ച് എ സി ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
അടവാട് സ്കൂളിന് മുമ്പിൽ ഹമ്പ് സ്ഥാപിച്ചത് സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരമാണെന്ന് പൊതു മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. എന്നാൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെയാണ് പല നിരത്തുകളിലും ഹമ്പുകൾ നിർമ്മിച്ചിട്ടുള്ളതെന്ന് പരാതിക്കാരൻ അറിയിച്ചു. പരാതിക്കാരൻ ഉന്നയിച്ചത് വളരെ പ്രധാനപ്പെട്ട വിഷയമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പൊതുമരാമത്ത് വകുപ്പ് ഗവൺമെന്റ് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.