KERALAlocaltop news

മാസ്റ്ററുടെ ‘ചരിത്രം’ നോക്കി മതി ഇനി തടവുകാര്‍ക്ക് ക്ലാസ്

ഠ ക്ലാസെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ കണ്ടെത്തണമെന്ന് നിര്‍ദേശം

 

കെ. ഷിന്റുലാല്‍

കോഴിക്കോട് : സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാര്‍ക്ക് പരിശീലനം നല്‍കാനെത്തുന്നവരുടെ വിശദാംശങ്ങള്‍
അറിഞ്ഞിരിക്കണമെന്ന് നിര്‍ദേശം. ജയില്‍ സ്ഥാപനങ്ങളില്‍ അന്തേവാസികള്‍ക്ക് തൊഴില്‍-നൈപുണ്യ പരിശീലനം നല്‍കുവാന്‍ തയാറാണെന്നറിയിച്ചുകൊണ്ട് വിവിധ സംഘടനകളില്‍ നിന്നും അപേക്ഷകള്‍ ലഭിക്കാറുണ്ട്. ഈ അപേക്ഷകള്‍ ജില്ലാ ജയില്‍ സൂപ്രണ്ടുമാര്‍ ജയില്‍ ആസ്ഥാനത്തേക്ക് സമര്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ ക്ലാസെടുക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ സാധാരണ ഉള്‍പ്പെടുത്താറില്ല. ഈ സാഹചര്യത്തിലാണ് പരിശീലകന്റെ എല്ലാ വിവരങ്ങളും അന്വേഷിക്കണമെന്ന് ജയില്‍ ഡിജിപിയ്ക്കുവേണ്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡിഐജി എം.കെ.വിനോദ്കുമാര്‍ ഉത്തരവിറക്കിയത്.

വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള പരിശീലനം ജയിലിലെ അന്തേവാസികളില്‍ വിഭാഗീയത ഉണ്ടാവാനും മറ്റുമുള്ള സാധ്യത കണക്കിലെടുത്താണ് പരിശീലകന്റെ പേര് വിവരങ്ങള്‍, പ്രസ്തുത മേഖലയിലെ പരിചയം എന്താണെന്നും ക്ലാസെടുക്കേണ്ടതിന്റെ സമയം, ദിവസം എത്ര പേര്‍ക്ക് പരിശീലനം നല്‍കും തുടങ്ങി വിവരങ്ങള്‍ അന്വേഷിക്കണമെന്നും വ്യക്തമാക്കി ഉത്തവിറക്കിയതെന്നാണ് വിവരം. ഇത്തരം വിവരങ്ങള്‍ പരിശീലനം നല്‍കാന്‍ തയാറാണെന്ന് അപേക്ഷ നല്‍കിയ സംഘടനകളില്‍ നിന്നും ശേഖരിച്ച് സൂപ്രണ്ട് വ്യക്തമായ പ്രൊപ്പോസല്‍ ജയില്‍ ആസ്ഥാനത്ത് സമര്‍പ്പിക്കണമെന്നാണ്
നിര്‍ദേശം.

നേരത്തെ ജയിലുകളില്‍ തടവുകാരെ പങ്കെടുപ്പിച്ചു മതസംഘടനകള്‍ നടത്തുന്ന ആത്മീയ പ്രവര്‍ത്തനങ്ങള്‍ ജയില്‍ വകുപ്പ് വിലക്കുകയും പിന്നീട് വിവാദമായതോടെ തിരുത്തുകയും ചെയ്തിരുന്നു. ജയിലുകളില്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ വേ ണ്ടെന്നും പ്രചോദനാത്മകമായ പ്രവര്‍ത്തനങ്ങള്‍ മതിയെന്നും ജയില്‍ വകുപ്പ് ഡയറക്ടര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ കഴിഞ്ഞ ഏപ്രിലില്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ സംഘടനകള്‍ മാസങ്ങള്‍ക്കു മുമ്പ് വിശുദ്ധവാരത്തിലെ കുര്‍ബാനയടക്കം നടത്താന്‍ അനുമതി തേടിയിരുന്നു. ജയിലധികൃതര്‍ തീരുമാനമെടുക്കാത്തതിനാല്‍ പരാതിയുമായി ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തുകയും പിന്നീട് ജയില്‍ വകുപ്പ് തീരുമാനത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. നിശ്ചിത കാലത്തേക്കു ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങി താല്‍പര്യമുള്ള തടവുകാരെ പങ്കെടുപ്പിച്ചു ജയിലില്‍ വിവിധ മതസംഘടനകള്‍ പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചു. അനുമതിയുടെ കാലാവധി തീരുന്ന മുറയ്ക്ക് ഈ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പിന്നീട് നിര്‍ദേശം നല്‍കി. കൂടാതെ തടവുകാരെ പ്രചോദിപ്പിക്കുന്ന ക്ലാസുകളും പ്രവര്‍ത്തനങ്ങളുമാകാമെന്നും ഡിജിപി നിര്‍ദേശിച്ചിരുന്നു. അതിനിടെയാണ് ക്ലാസെടുക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close