ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം രാജ്യത്ത് തീവ്രമായേക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെ കണ്ടെത്തിയ വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടുതലാണെങ്കിലും വേഗത്തില്‍ രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം കണ്ടെത്തിയ ഒമിക്രോണ്‍ ബാധിതരില്‍ നേരിയ രോഗലക്ഷണം മാത്രമാണുള്ളത്. രോഗവ്യാപനം തടയുന്നതിനായി വിദേശയാത്രക്കാരെയും മറ്റും പരിശോധനയ്ക്ക് വിധേയമാക്കുകയും കൃത്യമായി ക്വാറന്റെയ്ന്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കോവിഡ് നാലാംതരംഗം ആരംഭിച്ചത്. നിലവിലെ കോവിഡ് വാക്സിന്‍ ഒമിക്രോണിനെ പ്രതിരോധിക്കുന്നതാണെന്ന് കേന്ദ്രം അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് വാക്സിനെടുത്തവര്‍ക്ക് രണ്ടുഡോസ് വാക്സിനെടുത്തവരേക്കാള്‍ 93 ശതമാനം പ്രതിരോധശേഷി കൂടുതലാണെന്ന് യു.കെ. അടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധര്‍ അവകാശപ്പെടുന്നു. വൈറസിന്റെ തീവ്രത സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയിലധികവും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത് ആശ്വാസജനകമാണെന്നും ഒമിക്രോണ്‍ വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചാല്‍ മൂന്നാം തരംഗസാധ്യത കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.