ന്യൂഡല്‍ഹി: രാജ്യത്തു വര്‍ക്ക് ഫ്രം ഹോം തൊഴില്‍ രീതിക്ക് നിയമപരമായ ചട്ടം തയ്യാറാക്കാനുള്ള പദ്ധതികളുമായ കേന്ദ്രസര്‍ക്കാര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആരംഭിച്ച വര്‍ക്ക് ഫ്രം ഹോം തൊഴില്‍ രീതി ഭാവിയിലും തുടരുമെന്ന വിലയിരുത്തലിലാണ് നിയമപരമായ ചടങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പോര്‍ച്ചുഗല്ലില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥകളാണ് നിയമനിര്‍മ്മാണത്തിന് ഇന്ത്യ മാതൃകയാക്കുക. ഓഫീസുകളില്‍ നിലനില്‍ക്കുന്നത് പോലെ വര്‍ക്ക് ഫ്രം ഹോം തൊഴിലിനും സമയപരിധി നിശ്ചയിക്കും. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയില്‍ ജീവനക്കാര്‍ക്ക് വരുന്ന ചെലവ് സംബന്ധിച്ച് വ്യവസ്ഥയുണ്ടാക്കും. കഴിഞ്ഞ ജനുവരി മുതലാണു സര്‍ക്കാര്‍ സ്ഥാപങ്ങളിലെ ജീവനക്കാര്‍ക്കു വ്യവസ്ഥകള്‍ക്കു വിധേയമായി വര്‍ക്ക് ഫ്രം ഹോം രീതിക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ നിബന്ധനകള്‍ക്കു വിധേയമായി പല ഐടി കമ്പനികളും വര്‍ക്ക് ഫ്രം ഹോം രീതി മുന്‍പേ നടപ്പാക്കിയിരുന്നു. എല്ലാ മേഖലകളിലുമുള്ള ജീവനക്കാര്‍ക്കായി ഏകീകൃത നിയമം നടപ്പില്‍ വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ക്കും ഇവ ഉപയോഗപ്രദമായേക്കും.