ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തുടങ്ങിയ സംഘര്‍ഷം നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും, അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി ഒരു മാസത്തിനകം നല്‍കുമെന്നും, കുറ്റക്കാരെന്ന് തെളിയുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. അതേസമയം ആഭ്യന്തരമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍നിന്ന് ഇറങ്ങിപ്പോയി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തുടങ്ങിയ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. കൊഹിമയിലെ ഹോണ്‍ബില്‍ ഫെസ്റ്റിവലടക്കം റദ്ദാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൊണ്ടുവന്ന പള്ളിയിലും സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് സംസ്‌കാരചടങ്ങുകള്‍ നാളേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ വ്യക്തമാക്കി.