INDIA
മരണപ്പെട്ട സൈനിക ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മൃതദേഹങ്ങള്‍ മദ്രാസ് റെജിമെന്റല്‍ സെന്ററില്‍ എത്തിച്ചു
ന്യൂഡല്‍ഹി: കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി മദ്രാസ് റെജിമെന്റല്‍ സെന്ററിലേക്ക് എത്തിച്ചു. ഊട്ടിയിലെ വെല്ലിങ്ടണ്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിട്ട് നല്‍കിയത്. രാവിലെ സൈനികവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ മദ്രാസ് റെജിമെന്റല്‍ സെന്ററിലേക്ക് എത്തിച്ചത്. ഇന്ത്യയുടെ ശക്തനായ സൈനിക മേധാവിയെ അവസാന യാത്രയാക്കാന്‍ കോവിഡ് ഭീതിയെ പോലും മറന്ന് നൂറ്ക്കണക്കിനാളുകളാണ് റോഡിനിരുവശങ്ങളിലുമായി അണിനിരന്നത്.
സൈനിക വാഹനത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിന്റേയും പത്‌നി മധുലിക റാവത്തിന്റേയും മൃതദേഹങ്ങള്‍ ഒരുമിച്ചാണ് കൊണ്ട് വന്നത്. പിന്നാലെ മറ്റു സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളും എത്തിച്ചു. ഇതിന് ശേഷം എല്ലാവരുടേയും മൃതദേഹങ്ങള്‍ സുളൂരിലെ വ്യോമസേന കേന്ദ്രത്തിലേക്ക് എത്തിക്കും.അതേസമയം ബിപിന്‍ റാവത്തിന്റേയും പത്‌നി മധുലിക റാവത്തിന്റേയും മൃതദേഹങ്ങള്‍ വൈകീട്ടോടെ സൈനിക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ട് പോകും.
നാളെ രാവിലെ 11 മുതല്‍ ഡല്‍ഹിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകീട്ട് ഡല്‍ഹി കന്റോണ്‍മെന്റ് ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ സംസ്‌കാരം ചടങ്ങുകള്‍ നടത്തും.
ഇന്ത്യന്‍ സേനാ ചരിത്രത്തിലെ തന്നെ വലിയ പരിഷ്‌കാരങ്ങള്‍ക്ക് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ജനറല്‍ റാവത്ത് മുന്നോട്ട് വച്ചിരുന്നത്. മൂന്ന് സായുധ സേനകളുടെയും ഓപ്പറേഷനുകള്‍ ഏകോപിപ്പിക്കുന്ന മിലിട്ടറി കമാന്‍ഡുകള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സജ്ജമാക്കാനായിരുന്നു ജനറല്‍ റാവത്ത് ലക്ഷ്യം. സംയുക്ത സൈനിക മേധാവി എന്ന പദവി സൃഷ്ടിച്ചതും ഇത്തരത്തിലുള്ള നീക്കങ്ങളുടെ പുറത്തായിരുന്നു. മറ്റൊരു സര്‍ക്കാരും തയ്യാറാകാതിരുന്ന പല സൈനിക പദ്ധതികള്‍ക്കും മോദി സര്‍ക്കാര്‍ പച്ചക്കൊടി വീശിയതും ഇന്ത്യയുടെ കരുത്ത് കൂടുതല്‍ ശക്തമാക്കാന്‍ സഹായിച്ചു എന്നതും എടുത്തുപറയേണ്ട വസ്തുത തന്നെ.