INDIA
രാജ്യം നടുങ്ങിയ ദുരന്തം; നഷ്ടമായത് ശക്തനായ കാവല്‍ നായകനെ
ന്യൂഡല്‍ഹി: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തിന്റെ നടുക്കത്തില്‍ നിന്നും രാജ്യത്തിന് ഇനിയും മുക്തിനേടാനായിട്ടില്ല. രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തിയ ശത്രുസൈന്യങ്ങളെ നേരിടുന്നതില്‍ സംയുക്തമേധാവി ബിപിന്‍ റാവത്ത് വഹിച്ച പങ്ക് വളരെ വലുതാണ്. മ്യാന്മറിലെ ആക്രണങ്ങളുടെയും നിയന്ത്രണ രേഖയ്ക്കിപ്പുറമുള്ള ചൈനുടെ മിന്നലാക്രമണങ്ങളുടെയും മേല്‍നോട്ടം വഹിച്ചിരുന്ന ഏറ്റവും മുതിര്‍ന്ന സായുധ സേനാ ഉദ്യോഗസ്ഥനായിരുന്നു ബിപിന്‍ റാവത്ത്. എതിര് ശക്തികളെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന അദ്ദേഹത്തിന്റെ ഉറച്ച വാക്കുകളും എതിരാളികളില്‍ കൂടുതല്‍ പക ജനിപ്പിച്ചു.
ഒരുപക്ഷേ, ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ 1963 നവംബറില്‍ പൂഞ്ച് ജില്ലയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട വിമാനാപകടത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തം.
ഇന്ത്യയ്ക്ക് ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നത് പാകിസ്താനല്ല, ചൈനയാണെന്ന സംയുക്തമേധാവിയുടെ അവസാനത്ത പൊതുപ്രസ്താവന ശത്രുസൈന്യങ്ങളെ കൂടപുതല്‍ ചൊടിപ്പിച്ചിരിക്കാം. ഗാല്‍വന്‍ ആവര്‍ത്തിച്ചാല്‍ അതേ നാണയത്തില്‍ത്തന്നെ മറുപടി നല്കാന് ഇന്ത്യയെ സജ്ജമാക്കിയിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ ഉറച്ച മറുപടിയും ഭാവിയിലേക്കുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയെ എടുത്ത് കാണിക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണം എഴുത്തള്ളാന്‍ കഴിയുന്ന ഒന്നല്ല. അപകടത്തില്‍ ചില അട്ടിമറികള്‍ സംശയിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മാര്‍ത്ഥതയും ചങ്കൂറ്റവും ഒരു ശത്രുവിനും മുന്നില്‍ അടിയറവ് വയ്ക്കുന്നതല്ലെന്ന് രാജ്യത്തെ ഓരോ പൗരനും നന്നായി അറിയാം.
ഇന്ത്യയുടെ സൈനിക നായകന് തന്നെ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടെന്ന് പറയുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒന്നല്ല. ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 14 പേര് സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് ഇന്നലെ ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയില്‍ തകര്‍ന്നു വീണത്.
സാധാരണനിലയില്‍ നിന്നും താഴ്ന്ന പറന്ന കോപ്ടര്‍ മൂടല്‍മഞ്ഞിലൂടെ പറക്കുന്നതും പിന്നാലെയുള്ള വലിയ ശബ്ദവും അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു. പ്രദേശവാസികള്‍ പകര്‍ത്തിയ വീഡിയോ അന്വേഷണസംഘം തെളിവായി ശേഖരിച്ചിട്ടുണ്ട്.
അപകടത്തില്‍പ്പെട്ടവരില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
അപകടവുമായി ബന്ധപ്പെട്ട പരിശോധനകള്‍ പുരോഗമിക്കുകയാണ്. വ്യോമസേനാ മേധാവി വിആര്‍ ചൗധരി അപകടം നടന്ന സ്ഥലത്തെത്തി തകര്‍ന്ന ഹെലികോപ്റ്റര്‍ പരിശോധിച്ചു. വ്യാഴാഴ്ച കാലത്ത് തമിഴ്നാട് ഡിജിപി സി ശൈലേന്ദ്ര ബാബുവിനൊപ്പമാണ് കരസേനാ മേധാവി നീലഗിരിയിലെ കൂനൂരിന് സമീപമുള്ള അപകടസ്ഥലം സന്ദര്‍ശിച്ചത്. 25 അംഗ പ്രത്യേക വ്യോമസേനാ സംഘം ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ ഉള്‍പ്പടെ വിശദമായി പരിശോധിച്ചുവരികയാണ്. ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അപകടത്തെ മുന്‍നിര്‍ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. വിവരമറിഞ്ഞ ഉടന്‍ പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രതിരോധമന്ത്രാലയത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് അപകട വിവരങ്ങള്‍ വിലയിരുത്തിയിരുന്നു.