KERALAlocalPolitics

കലാലയ രാഷ്ട്രീയവും, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ചര്‍ച്ചയാകുന്നിടത്തോളം കാലം പിടിയും ബ്രിട്ടോയും വാര്‍ത്തകളില്‍ നിറയും

പി ടി തോമസിന്റെ മരണത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലടക്കം സജ്ജീവമായി കൊണ്ടിരിക്കുന്ന ചര്‍ച്ചാ വിഷയമാണ് സൈമണ്‍ ബ്രിട്ടോയും വിദ്യാര്‍ത്ഥി രാഷ്ട്രീയവും. കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രം ചികഞ്ഞു ചെന്നാല്‍ എത്തിപ്പെടാനാവുക അന്നത്തെ ചോരത്തിളപ്പുള്ള ആ വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാരുടെ ഇടയിലേക്കാണ്. പിടി തോമസും, സൈമണ്‍ ബ്രിട്ടോയും, പിന്നെ ജിയോ മാത്യുവും.

ലോകോളജ് വിദ്യാര്‍ത്ഥിയായിരുന്നു അന്ന് ബ്രിട്ടോ, എസ്.എഫ്.ഐയില്‍ സജീവമായതിനാല്‍ കൊച്ചി നഗരത്തിലായിരുന്നു പ്രവര്‍ത്തനം. എസ്.എഫ്.ഐ. പ്രവര്‍ത്തകരെ തുടര്‍ച്ചയായി വളഞ്ഞിട്ട് കോണ്‍ഗ്രസ് ഗുണ്ടകളും കെ.എസ്.യുക്കാരും ആക്രമിച്ചുകൊണ്ടിരുന്നു. 1981 ഒക്ടോബര്‍ 14-ന് കെ.എസ്.യു ആക്രമണത്തില്‍ പരിക്കേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ജിയോ മാത്യുവിനെ സന്ദര്‍ശിക്കാനായാണ് ബ്രിട്ടോ ആശുപത്രിയില്‍ എത്തുന്നത്. കാഷ്വാലിറ്റിക്ക് മുന്നിലെ വരാന്തയില്‍വെച്ച് ബ്രിട്ടോയ്ക്ക് കുത്തേല്‍ക്കുകയുമായിരുന്നു. രണ്ടുപേര്‍ പിന്നില്‍നിന്ന് പിടിച്ചുവയ്ക്കുകയും മൂന്നാമന്‍ തലപിടിച്ച് കുനിച്ച് മുതുകില്‍ കുത്തുകയുമായിരുന്നെന്ന് ബ്രിട്ടോ പല അഭിമുഖങ്ങളിലും വ്യക്തമാക്കി. കൊല്ലാനുള്ള ദുരുദ്ദേശത്തോടെ നാല് കുത്തുകള്‍. അന്ന് രക്ഷപ്പെടാനുള്ള ഏക കാരണം കാഷ്വാലിറ്റിക്ക് മുന്നിലായതുകൊണ്ടുമാത്രമാണെന്നും ബ്രിട്ടോ പറഞ്ഞിരുന്നു.

പിന്നീട് ഈ കത്തിക്കുത്തിനെ മുന്‍നിര്‍ത്തി പല കഥകളും ഇറങ്ങി. അതില്‍ മുഖ്യകഥാപാത്രമായിരുന്നത് അന്തരിച്ച പിടി തോമസായിരുന്നു.

പി.ടി. തോമസും ബ്രിട്ടോയും സഹപാഠികളായിരുന്നു. പരസ്പരം അലോഹ്യങ്ങളൊന്നും ഉടലെടുക്കാത്ത കാലം. പി.ടി അന്ന് കെ.എസ്.യു നേതാവാണ്. മഹാരാജാസില്‍ കെ.എസ്.യുവിനെ ഒരു ഘട്ടത്തില്‍ വിജയിപ്പിച്ച വ്യക്തി. ഒരിക്കല്‍ ‘നിന്നെ ചിലര്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്, സൂക്ഷിക്കണം’ എന്ന് തോമസ് പറഞ്ഞിരുന്നതായി ബ്രിട്ടോ പറയുന്നു. അന്ന് ചിരിച്ചുകൊണ്ട് അതിന് മറുപടിയും നല്‍കി. എനിക്കെതിരേ എന്ത് നീക്കമുണ്ടായാലും നീ അറിയാതെ സംഭവിക്കില്ല എന്ന്. അത് എന്തായാലും പി.ടി. തോമസ് പിന്നെ എന്തു ചെയ്തു എന്നറിയില്ലെന്നും ബ്രിട്ടോ വ്യക്തമാക്കി. ഈ സംഭവം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ബ്രിട്ടോയ്ക്ക് കുത്തേല്‍ക്കുന്നതും ജീവിതം നാല് ചക്ര കസേരയിലേക്കായി ഒതുക്കേണ്ടി വരുന്നതും.

എന്നാല്‍ അന്നത്തെ സംഭവങ്ങളെ പിന്നീട് മാറ്റി ചിത്രീകരിക്കാന്‍ ശ്രമിച്ച പി.ടിയുടെ വാക്കുകള്‍ മുന്‍നിര്‍ത്തിയാണ് വിഷയം രാഷ്ട്രീയ ചര്‍ച്ചയായി മാറുന്നത്. മുമ്പ് എസ്.എഫ്.ഐ സംഘടിപ്പിച്ച ഒരു ക്യാമ്പില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും പി.ടി. തോമസിനെയും ക്ഷണിച്ചിരുന്നു. അവിടെ വച്ച് പഴയ സംഭവങ്ങള്‍ പറയുന്നതിനിടയില്‍ തോമസ് സംഭവങ്ങള്‍ എല്ലാം മറച്ചുവെക്കുകയും ഒരു പ്രണയകഥ മൂലമാണ് തനിക്ക് കുത്തേറ്റത് എന്നുമാക്കി മാറ്റി. അതിനെ എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം ആതിര ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച ഘട്ടത്തില്‍ മുളന്തുരുത്തി പബ്ലിക് ലൈബ്രറിയില്‍ നടന്ന സംവാദത്തിനിടെ ക്യാമ്പസ് രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാകുന്നു. വേദിയില്‍ പിടി തോമസ് പറഞ്ഞതിനെതിരെ
ബ്രിട്ടോയുടെ പത്‌നി സീന എഴുന്നേറ്റ് ‘ജനറല്‍ ആശുപത്രിയില്‍ മരുന്നുമേടിക്കാന്‍ കുപ്പിയുമായിട്ടാണോ കോണ്‍ഗ്രസുകാര്‍ വരിക അതോ കത്തിയുമായിട്ടാണോ’ എന്ന് ചോദിച്ചു. അന്ന് അവിടെയുണ്ടായിരുന്ന പലരും തോമസിനെതിരേ തിരിയുകയും, കൃത്യമായി മറുപടി പറയുകയും ഇനിയും തന്റെ ശരീരത്തില്‍ ശേഷിക്കുന്ന 20 ശതമാനം ജീവന്‍ വേണമെങ്കില്‍ എടുത്തുകൊള്ളൂ എന്ന് പറഞ്ഞ് മൈക്ക് തോമസിന് മുന്നിലേക്ക് ഇടുകയും വയ്ക്കുകയും ചെയ്തുവെന്ന് ബ്രിട്ടോ വ്യക്തമാക്കുന്നു. അന്ന് കോണ്‍ഗ്രസുകാരുള്‍പ്പടെയുള്ളവര്‍ വലിയ എതിര്‍പ്പുമായാണ് രംഗത്തെത്തിയത്.

ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് സബു തൊഴുപ്പാടന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘വേണ്ടിയിരുന്നില്ല സീന. പറയാതിരിക്കാനാകുന്നില്ല. ബ്രിട്ടോ ചക്രക്കസേരയിലേറിയതിനു കാരണം കര്‍മ്മഫലം മാത്രമാണ്. p.tക്ക് അതില്‍ റോള്‍ ഒന്നുമില്ല. പ്രാണരക്ഷാര്‍ഥം ജിയോ മാത്യു ബ്രിട്ടോയെ കുത്തിയതിനു p.t. എന്തു പിഴച്ചു? കുത്തു നടക്കുന്നതിനു തൊട്ടു 7 മിനിട്ട് മുമ്പ് ജിയോ മാത്യു കിടന്നിരുന്ന EKM govt. ആശുപത്രിയിലെ മുറിയില്‍ ഞാനുമുണ്ടായിരുന്നു. തലേന്ന് മഹാരാജാസില്‍ വച്ച് ടഎകക്കാര്‍ സംഘം ചേര്‍ന്നു ആക്രമിച്ചതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന ജിയോയെ സന്ദര്‍ശിച്ചതാണ്. ഞാന്‍ ചെല്ലുമ്പോള്‍ ജിയോയുടെ സുഹൃത്തു മായയും ( MA മലയാളം വിദ്യാര്‍ത്ഥിനി. പിന്നീട് ഇരുവരും വിവാഹിതരായി) ഉണ്ടായിരുന്നു. ഞാന്‍ മുറിയില്‍ നിന്നും ഇറങ്ങി KPCC ജംക്ഷനിലേക്കു നടക്കുമ്പോള്‍ രമേഷ് വര്‍മ്മ, അനില്‍, തുടങ്ങിയ മഹാരാജാസിലെ SFI നേതാക്കളും ബ്രിട്ടോയും സംഘവും മഹാരാജാസിലെ Politics Dept. ലേക്കു ഉണ്ടായിരുന്ന ഗേറ്റില്‍ ( അത് ഇപ്പോള്‍ ഇല്ല ) നില്‍ക്കുന്നുണ്ടായിരുന്നു. ബ്രിട്ടോ ഒരിക്കലും മഹാരാജാസില്‍ പഠിച്ചിട്ടില്ല എന്നതു ഒരു കാര്യം. അക്കാലത്തു ഏതു കോളേജിലെ വിദ്യാര്‍ത്ഥി ആയിരുന്നു എന്ന് എനിക്കറിയില്ല. എങ്കിലും മിക്കവാറും മഹാരാജാസില്‍ കാണും .ഞാന്‍ നടന്നു KPCC ജംങ്ഷനില്‍ എത്തുമ്പോഴേക്കും ബ്രിട്ടോക്കു കുത്തേറ്റു. ബ്രിട്ടോയുടെ നേതൃത്വത്തില്‍ ജിയോയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് ജിയോ ഗുസ്തിക്കാരുടെ കൈ പൂട്ടില്‍ കുരുക്കി പ്രാണരക്ഷാര്‍ഥം ബ്രിട്ടോയെ കുത്തിയത്. അതില്‍ ഗൂഡാലോചനയും മണ്ണാങ്കട്ടയും ഒന്നുമില്ല. മായയുടെ സാന്നിദ്ധ്യത്തില്‍ കരുതിക്കൂട്ടി ആക്രമണം നടത്താന്‍ മുതിരുമോ എന്നൊരു ചോദ്യം ഉണ്ട്? എന്തായാലും കേരള യൂണിവേഴ്‌സിറ്റിയുടെ ഗുസ്തി ചാമ്പ്യനും ഹെവി വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യനും 6 അടിക്കു മേല്‍ ഉയരവും അതിനൊത്ത ശരീരവും ഉള്ള ജിയോയെ ആക്രമിക്കാന്‍ പോകുമ്പോള്‍ ബ്രിട്ടോ ഒന്നോര്‍ക്കേണ്ട കാര്യമുണ്ടായിരുന്നു. അടി കൊടുക്കാന്‍ മാത്രമുള്ളതല്ല. ചിലപ്പോള്‍ വാങ്ങാനും ഉള്ളതാണ്. ബ്രിട്ടോയുടെ കൈയ്യിലെ കത്തി പിടിച്ചു വാങ്ങി കുത്തി എന്നാണു പോലീസ് കേസ്. ജിയോ ശാന്തശീലനും നിരുപദ്രവകാരിയും ആണെന്നുള്ളതാണു സത്യം. പിന്നീട് ഞാന്‍ ജിയോയെ കാണുന്നതു 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. പ്രാണരക്ഷാര്‍ഥം എല്ലാത്തില്‍ നിന്നും ഒളിച്ചോടി.ഒരര്‍ത്ഥത്തില്‍ ജീവിതവും സ്വപ്നങ്ങളും കൈക്കുടന്നയിലെ വെള്ളം പോലെ ചോര്‍ന്നു പോകുന്ന കാഴ്ച കാണേണ്ടി വന്നവന്‍. S.l. സെലക്ഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചവന്‍ ഇന്ന് S. P. റാങ്കില്‍ കജട ആയി റിട്ടയര്‍ ചെയ്യുമായിരുന്നു. അക്കാലത്തെ എന്റെ സഹപാഠികളില്‍ 2 പേര്‍ IPS കാരായി.കുത്തിയവനും കുത്തേറ്റവനും നഷ്ടങ്ങളുടെ ഭാണ്ഡം പേറി . ഇതിനിടയിലേക്കു പാവം P.T . യെ കൊണ്ടുവരുന്നതിനു പലര്‍ക്കും പല ലക്ഷ്യങ്ങളുണ്ടാകും. ജിയോ മാത്യുവിനെ കോടതി വെറുതെ വിട്ടതും സര്‍വ്വരും ഓര്‍ക്കണം. ബ്രിട്ടോയും P.T.യും മരിച്ചു പക്ഷേ സത്യത്തിനു മരണമില്ല’.

A-dv. Sabu Thozhuppadan

കലാലയ രാഷ്ട്രീയവും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ചര്‍ച്ചയാകുന്നിടത്തോളം കാലം പി.ടിയും , ബ്രിട്ടോയും ചര്‍ച്ചകളില്‍ ഇനിയും നിറയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close