KERALAlocaltop news

പരിസ്ഥിതി സംവേദ പ്രദേശം (ESA):സർക്കാർ, കേരള ജനതയെ ആശങ്കയിലും പ്രതിസന്ധിയിലുമാക്കി: കർഷക കോൺഗ്രസ്

കോഴിക്കോട്.
ESA കരടുവിജ്ഞാപനം അന്തിമമാക്കാനുള്ള നീക്കം ദ്രുതഗതിയിൽ പുരോഗമിക്കുമ്പോൾ,ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ, കേരള ജനതയെ ആശങ്കയിലും പ്രതിസന്ധിയിലും ആക്കിയിരിക്കുകയാണെന്നും 2018ൽ സമർപ്പിച്ച സർക്കാർ റിപ്പോർട്ടിലെ തെറ്റു തിരുത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

സർക്കാർ 2018ൽ നൽകിയ റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്തെ 123 ESA വില്ലേജുകളിൽ, 31 വില്ലേജുകളെ ഒഴിവാക്കിയപ്പോൾ , ബാക്കിയുള്ള 92 വില്ലേജുകളിലെ വില്ലേജ് ഷേപ്പ് മാപ്പിൽ വൻതോതിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തെറ്റായി രേഖപ്പെടുത്തിയത് 2022 മെയ് 24 നു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി കണ്ടെത്തിയിട്ടും നാളിതുവരെയായി സർക്കാർ റിപ്പോർട്ട് തിരുത്തി നൽകിയിട്ടില്ല.

31 വില്ലേജുകൾ ഒഴിവാക്കിയിട്ടും 92 വില്ലേജുകളുടെ ഇഎസ്ഐ വിസ്തൃതി പഴയ റിപ്പോർട്ടിലെ 9993 ചതുരശ്ര കിലോമീറ്റര്‍ എന്നു തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. 92 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും വീണ്ടും വില്ലേജ് ഷേപ്പ്മാപ്പിൽ റിസർവ് വനമായി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. 123 വില്ലേജുകൾക്ക് പകരം 92 വില്ലേജുകളിൽ നിന്ന് അതേ വിസ്തൃതി കണ്ടെത്തിയിരിക്കുന്നു.

31 വില്ലേജുകളെ ഒഴിവാക്കാൻ സർക്കാർ തെരഞ്ഞെടുത്ത മാനദണ്ഡം ഉപയോഗിച്ചാൽ ബാക്കിയുള്ള 92 വില്ലേജുകളിൽ പലതും ജനസാന്ദ്രത കൂടിയതും, വനഭൂമി തീരെ കുറഞ്ഞതും, പൂർണമായും ഒഴിവാക്കാൻ യോഗ്യതയുള്ളതുമാണ്. കോഴിക്കോട് ജില്ലയിലെ 9 വില്ലേജുകൾ പൂർണമായും ഒഴിവാക്കപ്പെടേണ്ടതാണ്.

സംസ്ഥാന സർക്കാർ, ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വിഭാഗം ഉദ്യോഗസ്ഥർ അടങ്ങുന്ന കമ്മിറ്റികൾ ഉണ്ടാക്കി വില്ലേജ് ഷേപ്പ് മാപ്പുകളിൽ തിരുത്തൽ വരുത്തിയപ്പോൾ ഇ എസ് എ വില്ലേജുകളിലെ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെയോ, ജനപ്രതിനിധികളെയോ ബന്ധപ്പെട്ടവരെയോ അറിയിക്കാതെ, ഇനി വില്ലേജ് ഷേപ്പ് മാപ്പിൽ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ പഞ്ചായത്ത് ശുപാർശ ചെയ്യണമെന്ന് അറിയിച്ചിരിക്കുന്നത് വെറും പ്രഹസനവും ജനങ്ങളെ വിഡ്ഢികളാക്കലും ആണ്. മാത്രവുമല്ല തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ തന്നെ പരിശോധനയ്ക്ക് ആവശ്യമായ രേഖകൾ ഒന്നും തന്നെ പഞ്ചായത്തുകൾക്ക് ലഭ്യമാക്കിയിട്ടുമില്ല.

ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കി മാത്രമേ ESA നടപ്പാക്കാൻ അനുവദിക്കുകയുള്ളൂ എന്നും ഉത്തരവാദിത്തപ്പെട്ടവരുടെ അലംഭാവം മൂലം വിഷമസ്ഥിതിയിലായ ജനങ്ങളുടെ ആശങ്കയും പ്രതിസന്ധിയും അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close