KERALAlocalPolitics

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡയില്‍

ഇടുക്കി : പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയെ പോലീസ് കസ്റ്റഡിയിലേടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

ഇടുക്കി എന്‍ജിനീയറിങ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ധീരജിന് കുത്തേറ്റത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി എന്‍ജിനീയറിങ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കി. കെഎസ്യു പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്- ക്രമിനല്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ മുന്‍നിര്‍ത്തി പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രോ വൈസ് ചാന്‍സലര്‍ ഉടന്‍ കോളജ് സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഹോസ്റ്റലുകളിലും മറ്റുമായി നില്‍ക്കുന്ന വിദ്യാര്‍ഥികളോട് ഉടന്‍ തന്നെ സ്വന്തം വീടുകളിലേക്ക് മടങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close