തിരുവനന്തപുരം: അഡ്വ. എ. ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം റദ്ദാക്കി സി.പി.ഐ. ബ്രാഞ്ച് തീരുമാനങ്ങള്‍ക്കെതിരായി ജയശങ്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ച പാര്‍ട്ടി നേതൃത്വം പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗമായി തുടരവേ ചാനല്‍ ചര്‍ച്ചകളിലും, സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിയെയും പാര്‍ട്ടി നേതൃത്വത്തെയും നയങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അഡ്വ.ജയശങ്കറിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അംഗത്വം ഒഴിവാക്കാനുള്ള തീരുമാനം പാര്‍ട്ടി നേതൃത്വം മുന്നോട്ട് വച്ചത്.
സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്ന് ജയശങ്കറിനെ ഒഴിവാക്കണമെന്നും, അംഗത്വം പുതുക്കി നല്‍കേണ്ടെന്നും തീരുമാനിക്കുകയായിരുന്നു. 2020 ജൂലായില്‍ ചേര്‍ന്ന ബ്രാഞ്ച് പൊതുയോഗത്തില്‍ ജയശങ്കറിന് അവസാനശാസന നല്‍കിയിട്ടും പാര്‍ട്ടിയെ എതിര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും, പാര്‍ട്ടിയുടെയും പാര്‍ട്ടി ബഹുജന സംഘടനകളുടെയും യോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും ക്യാംപെയ്‌നുകളില്‍ നിന്നും മാറി നില്‍ക്കുകയും, പാര്‍ട്ടി ലെവിയായ 1330 രൂപ തിരിച്ചു നല്‍കിയതായുള്ള ബ്രാഞ്ച് സെക്രട്ടറി അറിയിച്ചതോടെയാണ് അംഗത്വം റദ്ദാക്കാനുള്ള നടപടികളിലേക്ക് നീങ്ങിയത്.
സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ സി.പി. മുരളിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. എന്നാല്‍ നടപടിക്കെതിരെ ജയശങ്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജയശങ്കറിനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയുകയും അംഗത്വം പുനഃസ്ഥാപിക്കണമെന്ന റിപ്പോര്‍ട്ട് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിക്കുകയും ചെയ്തതോടെ ജയശങ്കറിന് പാര്‍ട്ടിയില്‍ തുടരാനുള്ള അനുമതി ആയത്.