ന്യൂഡല്‍ഹി:രാത്രി 10 മണിക്ക് ശേഷം ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ നിശബ്്ദരാക്കാന്‍ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട് വെക്കുന്നവര്‍ക്കും സംസാരിക്കുന്നവര്‍ക്കുമെതിരെ നടപടിയെടുക്കാനാണ് റെയില്‍വേയുടെ പുതിയ തീരുമാനം. ട്രെയിന്‍ യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിനായാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ നടക്കുന്നതായുള്ള നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്.
രാത്രി വൈകി ട്രെയിനുകളില്‍ ഒത്തുകൂടുന്നതും സംസാരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യാനുമാണ് നിര്‍ദേശം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും റെയില്‍വെ വ്യക്തമാക്കി.
അതേസമയം ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്, ആര്‍.പി.എഫ്, ഇലക്ട്രീഷ്യന്‍, കാറ്ററിംഗ്, മെയിന്റനന്‍സ് സ്റ്റാഫുകള്‍ എന്നിവര്‍ക്കും നിര്‍ദേശം ബാധകമാണെന്ന് റെയില്‍വേ വ്യക്തമാക്കി. പരാതി ലഭിക്കുന്ന പക്ഷം ട്രെയിന്‍ ജീവനക്കാര്‍ ഉത്തരവാദികളായിരിക്കുമെന്നും റെയില്‍വേ അറിയിച്ചു.