KERALAlocaltop news

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : നാഗർകോവിലിലെ പ്ലാറ്റ്ഫോം വലുതാക്കിയാൽ പരശുറാമിൽ പുതിയ കോച്ചുകളെന്ന് റയിൽവേ

 

കോഴിക്കോട് : നാഗർകോവിൽ ജംഗ്ഷനിലെ പ്ലാറ്റ്ഫോമിന്റെ നീളക്കുറവാണ് മംഗലാപുരം – നാഗർകോവിൽ പരശുറാം എക്സ്പ്രസിൽ കൂടുതൽ കോച്ചുകൾ ഘടിപ്പിക്കുന്നതിന് തടസമെന്ന് ദക്ഷിണ റയിൽവേ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

പ്ലാറ്റ്ഫോം ദീർഘിപ്പിക്കുന്നതിനുള്ള പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണെന്നും അത് പൂർത്തിയായാലുടൻ കൂടുതൽ കോച്ചുകൾ പരശുറാമിൽ ഘടിപ്പിക്കുമെന്നും റയിൽവേ അറിയിച്ചു. റയിൽവേയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കേസ് തീർപ്പാക്കി.

പരശുറാം എക്സ്പ്രസ്സിലെ ജനറൽ കോച്ചിൽ അനിയന്ത്രിതമായ തിരക്ക് കാരണം യാത്രക്കാർ കുഴഞ്ഞുവീണ സംഭവത്തിൽ കമ്മീഷൻ പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി.

സതേൺ റയിൽവേ പാലക്കാട് സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ, അഡ്വ. കെ. വിനോദ് രാജ് മുഖേന സമർപ്പിച്ച റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്.തിരക്ക് കണക്കിലെടുത്ത് പരശുറാമിൽ 2023 ഒക്ടോബർ 29 മുതൽ ഒരു അഡീഷണൽ അൺറിസർവ്ഡ് ജനറൽ കോച്ച് പ്രാബല്യത്തിൽ വന്നു.

മംഗലാപുരം – കോഴിക്കോട് എക്സ്പ്രസ്സ് (16610), കോഴിക്കോട് – കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ്സ് സ്പെഷ്യൽ (06481), കണ്ണൂർ – ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ്സ്, ചെറുവത്തൂർ – മാംഗളൂർ, മംഗലാപുരം – കോയമ്പത്തൂർ – മംഗലാപുരം, മംഗലാപുരം – മഡഗാവ് – മംഗലാപുരം എന്നിവയിൽ 4 കോച്ചുകൾ വീതം അധികം ലഭ്യമാക്കി.

എറണാകുളം –കണ്ണൂർ ഇന്റർസിറ്റി, ആലപ്പുഴ – കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം ഷൊർണ്ണൂർ എന്നീ ട്രയിനുകളിൽ ഒരു അഡീഷണൽ അൺറിസർവ്ഡ് ജനറൽ കോച്ച് ലഭ്യമാക്കി.

പാലക്കാട് ഡിവിഷനിലെ എല്ലാ ട്രയിനുകളിലും പരമാവധി കോച്ചുകൾ ഘടിപ്പിക്കുന്നതിനുള്ള അപേക്ഷ ചെന്നൈ റയിൽവേ ഹെഡ്ക്വോട്ടേഴ്സിന് നൽകിയിട്ടുണ്ട്.

ബംഗളൂരു – കണ്ണൂർ- ബംഗളൂരൂ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള പ്രപ്പോസൽ റയിൽവേ ബോർഡിന്റെ അനുമതി കാത്തുകിടക്കുന്നു. ഇത് നടപ്പിലായാൽ രാവിലെയും വൈകിട്ടുമുള്ള തിരക്ക് നിയന്ത്രിക്കാം.

 

റിപ്പോർട്ട് കമ്മീഷൻ സ്വീകരിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close