കോഴിക്കോട് :
സംസ്ഥാനത്തെ ഏറ്റവും മികച്ച കോര്‍പ്പറേഷനുള്ള 2020-21 വര്‍ഷത്തെ സ്വരാജ് ട്രോഫി മഹാത്മാ പുരസ്‌കാരം കോഴിക്കോട് കോര്‍പ്പറേഷന്. വികസന ഫണ്ട്, മെയിന്റനന്‍സ് ഫണ്ട്, പദ്ധതി വിഹിതം എന്നിവയില്‍ 80 ശതമാനത്തിലധികം ചെലവഴിച്ചതും നികുതി പിരിവ് 60 ശതമാനത്തിലധികം പൂര്‍ത്തിയാക്കിയതുമാണ് നേട്ടത്തിന് അര്‍ഹമാക്കിയത്.
അഗതി – ആശ്രയ പദ്ധതി, ജനകീയ ഹോട്ടല്‍ പദ്ധതി, സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ പദ്ധതി എന്നിവയില്‍ 90 ശതമാനത്തിന് മുകളില്‍ ഫണ്ട് ചെലവഴിക്കാനും കോര്‍പ്പറേഷന് കഴിഞ്ഞു. മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുകയും അവാര്‍ഡ് പരിഗണനാ വേളയില്‍ ശുചിത്വ പദവി നേടാനും എം സി എഫുകള്‍ സ്ഥാപിക്കാനും ഹരിത കര്‍മ്മസേന രൂപീകരിച്ച് ഡോര്‍ ടു ഡോര്‍ കളക്ഷന്‍ 50 ശതമാനത്തിന് മുകളിലെത്തിക്കാനും ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഹരിത കേരള മിഷന്‍, പച്ചത്തുരുത്ത് പദ്ധതി എന്നീ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടപ്പാക്കാനുമായി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ 60000 ത്തിലധികം തൊഴില്‍ ദിനങ്ങള്‍ നല്‍കാനായി.
പൗരാവകാശ രേഖ പ്രസിദ്ധീകരണം, കമ്പ്യൂട്ടര്‍വത്ക്കരണം, നികുതി ഓണ്‍ലൈന്‍ ആക്കല്‍, പൊതു ശ്മശാനം , ദുരിതാശ്വാസ നിധി, തെരുവു വിളക്കുകള്‍ എല്‍.ഇ.ഡി ആക്കല്‍, സുഭിക്ഷ കേരളം പദ്ധതി, പരാതി പരിഹാര സംവിധാനം, തെരുവ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, കോവിഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി സി.എഫ്.എല്‍.ടി.സി, ഡി.സി.സികള്‍ സ്ഥാപിക്കല്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിച്ച മറ്റ് പ്രധാന പ്രവര്‍ത്തനങ്ങള്‍.