KERALAlocaltop news

വിവാഹ അഭ്യർത്ഥന നിരസിച്ചു : പട്ടാപ്പകൽ യുവതിക്ക് നേരെ ആസിഡ്‌ അക്രമം ; പ്രതി അറസ്റ്റിൽ

കോഴിക്കോട്: വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പൊറ്റമ്മലിൽ വെച്ചാണ് സംഭവം. പൊറ്റമ്മല്‍ മദര്‍ ഡെന്റല്‍ ഹോസ്പിറ്റലില്‍ ഡന്റല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന മൃദുല(22) എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഇരിക്കൂര്‍ കൊശവന്‍ വയല്‍ സിന്ധു നിവാസില്‍ വിഷ്ണുവിനെ(28) പോലീസ് അറസ്റ്റ് ചെയ്തു.  ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാരിൽ ചിലർ വിഷ്ണുവിനെ പിടികൂടി മർദിക്കുകയും ചെയ്തു.
വിഷ്ണുവും മൃദുലയും നേരത്തെ പരിചയത്തിലായിരുന്നു.ഇതിനിടെ വിഷ്ണു മറ്റൊരു വിവാഹം കഴിച്ചു. ഈയടുത്ത് ആ സ്ത്രീയെ വിവാഹമോചനം ചെയ്തു. ഇതിന്റെ കേസ് നടന്നുകൊണ്ടിരിക്കെയാണ്.  വിവാഹം കഴിക്കാൻ  മൃദുല തയ്യാറായിരുന്നില്ല. ശല്യം കൂടിയപ്പോൾ യുവതി മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.  എന്നാല്‍ ഇതിന് ശേഷവും കോഴിക്കോട്ട് റൂമെടുത്ത് ഇയാള്‍ യുവതിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇന്നലെ യുവതി  തൊണ്ടയാട് ഹോസ്റ്റലില്‍ നിന്നും ആശുപത്രിയിലേക്ക് പോകും വഴിയാണ് ആസിഡ് ഒഴിച്ചത്. യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയിലും ദേഹത്തുമാണ് ആസിഡ് ഒഴിച്ചത്.  മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയെ  ഡെര്‍മറ്റോളജി വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പ്രതിയെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് പേരും ഇന്നു തന്നെ ഡിസ്ചാര്‍ജായി. നേർത്ത ആസിഡാണ് തലയിലൊഴിച്ചതെന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close