KERALAlocaltop news

കരിങ്കൽക്വാറി നടത്തി റോയൽറ്റി തട്ടി; താമരശേരി ബിഷപിനും മറ്റും കാൽ കോടി രൂപ പിഴയിട്ടു

കോഴിക്കോട്​: കൃസ്ത്യൻ പള്ളിയുടെ പേരിലുള്ള ഭൂമിയിലെ ക്വാറിയിൽ അനധികൃത ഖനനം നടത്തിയതിന്​ കൂടരഞ്ഞി പഞ്ചായത്തിലെ പുഷ്പഗിരി  ലിറ്റിൽ ഫ്ലവർ ചർച്ച്​ വികാരിക്കും താമരശ്ശേരി ബിഷപ്പ്​ മാർ റെമിജിയോസ്​ ഇഞ്ചനാനിയലിനും  കാൽ കോടിയോളം രൂപ പിഴ . 23,48,013 രൂപ പിഴയും 5000 രൂപ കോമ്പൗണ്ടിങ് ഫീസും ഉൾപ്പടെ 23,53,013 രൂപയാണ്​ ജില്ല ജിയോളജിസ്റ്റ്​ പിഴയിട്ടത്. ഈ മാസം മുപ്പതിനകം പിഴയൊടുക്കാനാണ് നിർദേശം. കാത്തലിക് ലേമെന്‍ അസോസിയേഷൻ നൽകിയ ഹരജിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്​ ജിയോളജി വകുപ്പി‍െൻറ നടപടി. ഈ മാസം 30നകം പിഴയടക്കണം. പിഴ ചുമത്തിയ നടപടിയോട്​ പ്രതികരിക്കാനില്ലെന്ന്​ താമരശ്ശേരി രൂപത അധികൃതർ അറിയിച്ചു.
കൂടരഞ്ഞി വില്ലേജിലെ ലിറ്റിൽ ഫ്ലവർ ചർച്ചി‍െൻറ പേരിലുള്ള സ്ഥലത്തെ ക്വാറിയിലായിരുന്നു ഖനനം. 2002 മുതല്‍ 2010 വരെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റർ കരിങ്കല്ല് ഖനനം നടത്തിയിരുന്നു. ക്വാറിക്ക്​ അനുമതിയുണ്ടായിരുന്നെങ്കിലും 3200 ഘനമീറ്റർ കല്ലിന് മാത്രമാണ് സർക്കാറിലേക്ക്​ റോയല്‍റ്റിയായി പണമടച്ചത്. 58,700.33 ഘനമീറ്റർ കരിങ്കല്ല് പൊട്ടിച്ചെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞു.
കാത്തലിക് ലേമെന്‍ അസോസിയേഷൻ സെക്രട്ടറി എം.എൽ ജോർജ്​, വിൻസന്‍റ്​ മാത്യു എന്നിവർ നൽകിയ ഹരജിയിലാണ്​ ആവശ്യമായ നടപടി സ്വീകരിക്കാൻ ജനുവരി 25ന്​ ഹൈക്കോടതി ഉത്തരവിട്ടത്​. തുടർന്നാണ്​ കഴിഞ്ഞ മാസം 31ന്​ ജില്ല ജിയോളജിസ്റ്റി‍െൻറ ചുമതലയുള്ള പി.സി രശ്മി പിഴയടക്കാൻ ഉത്തരവിട്ടത്​. പള്ളികളുടെ മൊത്തം ചുമതലക്കാരൻ എന്ന നിലയിലാണ്​ ബിഷപ്പിനും പിഴയിട്ടത്​. അതേസമയം, ഈ പള്ളിയുടെ പ്രവർത്തനങ്ങളിൽ ബിഷപ്പിന്​ നേരിട്ട്​ ബന്ധമി​ല്ല എന്നാണ്​ എതിർകക്ഷികൾ ജിയോളജി വകുപ്പി‍െൻറ ഹിയറിങ്ങിൽ അവകാശപ്പെട്ടത്​. ലിറ്റിൽ ഫ്ലവർ പള്ളി, കോൺവന്‍റ്​, എൽ.പി, യു.പി സ്കൂളുകൾ, അനാഥാലയം എന്നിവയുടെ നിർമാണത്തിനായാണ്​ ക്വാറിയിൽ ഖനനം നടത്തിയതെന്നായിരുന്നു എതിർകക്ഷികളുടെ നിലപാട്​. 60 വർഷം മുമ്പ്​ പള്ളി നിർമാണത്തിനും മറ്റ്​ കെട്ടിട നിർമാണത്തിനും കാർഷികാവശ്യങ്ങൾക്കും മറ്റുമായി ഇവിടെ ഖനനം നടത്തിയെന്ന ബിഷപ്പി‍െൻറയും പള്ളി വികാരിയുടെയും വാദം വകുപ്പ്​ തള്ളിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close