KERALAlocaltop news

സഞ്ചാരികളുടെ ഹൃദയം കവര്‍ന്ന് വയനാട് വന്യജീവി സങ്കേതം; കഴിഞ്ഞ സാമ്പത്തികവര്‍ഷം സന്ദര്‍ശിച്ചത് 82,994 പേർ

വൈത്തിരി :-വയനാട്ടിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി വയനാട് വന്യജീവി സങ്കേതം വികസിക്കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും 82,994 സന്ദര്‍ശകര്‍ കാനന സൗന്ദര്യം ആസ്വദിക്കാന്‍ വന്യജീവി സങ്കേതത്തിലെത്തി. 2011 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ 72,875 മുതിര്‍ന്നവരും 10,119 കുട്ടികളും 84 വിദേശികളുമാണ് സങ്കേതം സന്ദര്‍ശിച്ചത്. 1.47 കോടി രൂപയാണ് ടിക്കറ്റ്‌ വില്‍പനയിലൂടെ വരുമാനം.കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള, തമിഴുനാട്ടിലെ മുതുമല കടുവാസങ്കേതങ്ങളുമായി അതിരിടുന്നതാണ് വയനാട് വന്യജീവി സങ്കേതം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ള വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകളിലാണ് വിനോദസഞ്ചാരത്തിനു സൗകര്യം. രണ്ടിടങ്ങളിലുമായി ദിവസം 820 സന്ദര്‍ശകര്‍ക്കാണ് പ്രവേശനം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സങ്കേതത്തിലെ ടൂറിസം ഇടങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്നു ഒന്നര മാസം കഴിഞ്ഞപ്പോള്‍ അടച്ചു. പിന്നീട് ഓഗസ്റ്റിലാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.മുതിര്‍ന്നവര്‍ക്ക് 150ഉം കുട്ടികള്‍ക്ക് 65ഉം വിദേശികള്‍ക്ക് 360ഉം രൂപയാണ് പ്രവേശന ഫീസ്. കാനന സവാരിക്കുള്ള ടാക്‌സി കൂലിയും സഞ്ചാരികള്‍ നല്‍കണം. തോല്‍പ്പെട്ടിയിലും മുത്തങ്ങയിലും രാവിലെ 40 ഉം വൈകുന്നേരം 20 വാഹനങ്ങളാണ് വനത്തിലേക്കു കടത്തിവിടുന്നത്. ആന, കടുവ കരടി, കാട്ടുപോത്ത്, മയില്‍, മാന്‍ തുടങ്ങി നിരവധി ഇനം മൃഗങ്ങളുടെയും അപൂര്‍വ ഇനങ്ങളില്‍പ്പെട്ടതടക്കം പക്ഷികളുടെയും വൃക്ഷ-സസ്യ വര്‍ഗങ്ങളുടെയും ആവാസ വ്യവസ്ഥയാണ് വയനാട് വന്യജീവി സങ്കേതം. 27 പരുന്തു വര്‍ഗങ്ങളുടെയും ഒമ്പതിനം മൂങ്ങകളുടെയും സാന്നിധ്യം വന്യജീവി സങ്കേതത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ അവശേഷിക്കുന്ന കഴുകന്‍മാരുടെ മുഖ്യ ആവാസസ്ഥലമാണ് വയനാടന്‍ കാടുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close