കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂൾ,കോളേജ് പരിസരത്തു നിന്ന് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനക്കായി സൂക്ഷിച്ചു വെച്ച നിരവധി പുകയില ഉല്പന്നങ്ങളും മദ്യവും സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (കാവൽ ) കസബ,ടൗൺ,വെള്ളയിൽ പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെടുത്തു.
പുതിയ അധ്യയനവർഷം ആരംഭിച്ച മുതൽ കോഴിക്കോട് ജില്ല പോലീസ് മേധാവിയുടെ ചുമതലയുള്ള അമോസ് മാമൻ ഐപിഎസ് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുവാൻ ലഹരിവിരുദ്ധ സേനക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി നിരവധി കടകൾ നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ എ ജെ ജോൺസൻ്റെ നേതൃത്വത്തിലുള്ള കാവൽ സംഘം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാ യി സ്കൂൾ പരിസരങ്ങളിൽ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു.കഴിഞ്ഞ ദിവസം പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കസബ, ടൗൺ, വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധികളിലെ വിദ്യാലയ പരിസരങ്ങളിലെ ആറോളം കടകളിൽ നടത്തിയ റെയ്ഡിൽ സിഗരറ്റ്,ബീഡി, ഹാൻസ് തുടങ്ങീ നിരവധി നിരോധിത പുകയില ഉല്പന്നങ്ങളും വില്പനക്കായി സൂക്ഷിച്ച നിരവധി മദ്യവും പോലീസ് കണ്ടെടുത്തു.
വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾ വിദ്യാലയങ്ങളിൽ ഹാജരാവുന്നുണ്ടോയെന്നും അവർ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുന്നതും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ലഹരിമരുന്നിൻ്റെ കെണിയിൽ കുട്ടികളെപ്പെടുത്താൻ ലഹരി മാഫിയ സംഘം പുറത്ത് തക്കം പാർത്ത് നിൽക്കുകയാണെന്നും കുട്ടികളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണമെന്നും വരും ദിവസങ്ങളിലും ഇത്തരം സ്പെഷ്യൽ ഡ്രൈവുകൾ നടത്തി കർശന നടപടികൾ സ്വീകരിക്കമെന്നും നാർക്കോട്ടിക്ക് സെൽ എസിപി എ.ജെ ജോൺസൺ പറഞ്ഞു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻ ദാസ്,ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ,സുനോജ് കാരയിൽ,അർജ്ജുൻ അജിത്ത്,സുമേഷ് ആറോളി,കസബ സബ്ബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണി,ടൗൺ സബ്ബ് ഇൻസ്പെക്ടർ എസ്.ജയശ്രീ,വെള്ളയിൽ സബ്ബ് ഇൻസ്പെക്ടർ ശശി എന്നിവർ ചേർന്നാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.