KERALAlocaltop news

കോഴിക്കോട് കനോലി കനാൽ ജലപാത നിലവാരത്തിലേക്ക് ; 1118 കോടി അനുവദിച്ചു

കോഴിക്കോട്: കോഴിക്കോട്   നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റാനും മലബാറിലെ വിനോദസഞ്ചാര-ഗതാഗത മേഖലകളിൽ മുന്നേറ്റം സൃഷ്ടിക്കാനും ഉതകുന്ന കനോലി കനാൽ നവീകരണ പദ്ധതിക്കായി 1118 കോടി രൂപ നൽകാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അനുമതി നൽകി. കിഫ്ബി ധനസഹായത്തോടെ കേരള വാട്ടർ ആൻ്റ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (KWIL) -ൻ്റെ നേതൃത്വത്തിൽ നടപ്പാകുന്ന ഈ പദ്ധതിയിലൂടെ കനോലി കനാൽ ജലപാത നിലവാരത്തിലേയ്ക്ക് ഉയർത്തപ്പെടും.

കോവളം മുതൽ ബേക്കൽ വരെ നീളുന്ന പശ്ചിമതീര കനാലിനെ ജലപാതനിലവാരത്തിൽ വികസിപ്പിക്കുന്നതിനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് കനോലി കനാൽ വികസനം. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പു വരുത്തി ജനപിന്തുണയോടെ പരിഹരിക്കും. അതിനു പര്യാപ്തമായ രീതിയിലാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.

ദശാബ്ദങ്ങളായി ഉള്ള മാലിന്യ നിക്ഷേപവും പരിപാലനത്തിൻ്റെ കുറവും കാരണം കനാലിൻ്റെ ജലവാഹക ശേഷിയും നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഇത് മഴക്കാലത്ത് കോഴിക്കോട് നഗരത്തിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാകുമെന്നത് കോഴിക്കോട് നിവാസികൾക്ക് ആശ്വാസം പകരും. ചരക്കു ഗതാഗതത്തിൻ്റേയും വിനോദസഞ്ചാരത്തിൻ്റേയും പുതിയ സാധ്യതകളും പദ്ധതി തുറക്കും. ടൂറിസവുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങളും ലഭ്യമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close