KERALAlocaltop news

കക്കാട് ഗവ. എൽ.പി സ്‌കൂളിലെ ഇംഗ്ലീഷ് സർഗോത്സവത്തിന് എൻജോയ് 2022ന് പ്രൗഢമായ പരിസമാപ്തി

ഹൃദയത്തിലേക്ക് താളമിട്ട കുഞ്ഞു ചുവടുകൾ...

മുക്കം: ആസ്വാദക ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുത്തൻ അനുഭൂതി പകർന്ന് കക്കാട് ഗവ. എൽ.പി സ്‌കൂളിൽ നടന്ന കുട്ടികളുടെ ഇംഗ്ലീഷ് സർഗോത്സവത്തിന് എൻജോയ് 2022ന് പ്രൗഢമായ പരിസമാപ്തി. അവധിക്കാലത്ത് സ്‌കൂളിലെ കുട്ടികൾക്കായി ആരംഭിച്ച കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമിൽ പങ്കെടുത്ത രണ്ട് ബാച്ചിലെയും കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളാണ് എൻജോയ് 2022 എന്ന പേരിൽ സ്‌കൂൾ ഹാളിൽ അരങ്ങേറിയത്.

ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ മധുരമാർന്ന അനുഭവങ്ങൾ സമ്മാനിച്ചുള്ള പ്രകടനത്തെ കുറിച്ച് പറയാൻ കാഴ്ചക്കാർക്കും രക്ഷിതാക്കൾക്കും നൂറു നാവാണ്. കുഞ്ഞുമനസ്സുകളിലെ നൈർമല്യവും പ്രതിഭയും വൈവിധ്യവും കലർന്നതായിരുന്നു ഓരോ അവതരണങ്ങളും. വെറും 25 ദിവസത്തെ ഇംഗ്ലീഷ് ക്ലാസിനുശേഷം കാര്യമായ റിഹേഴ്‌സലിനൊന്നും അവസരവും സമയവും ലഭിക്കാതെയാണ് കുട്ടികളെല്ലാം സ്‌റ്റേജിലെത്തിയത്. എന്നിട്ടും പരിപാടികളെല്ലാം ഇംഗ്ലീഷിൽ തന്നെ കളറാക്കാൻ അവർക്കായി. സമ്മർദ്ദമുണ്ടാക്കുന്ന ചിന്തകൾക്കെല്ലാം അവധി നൽകി ഇംഗ്ലീഷ് ആസ്വദിച്ച് പഠിച്ച മക്കളുടെ അവതരണത്തിലും ആ ആസ്വാദ്യതയും മനോഹാരിതയും നിറഞ്ഞുനിന്നു.
കാഴ്ച്ചക്കാരുടെ ഹൃദയങ്ങളിലേക്ക് കയറുന്ന വിസ്മയിപ്പിക്കുന്ന അവതരണമാണ് കുഞ്ഞുമക്കൾ കാഴ്ചവെച്ചത്. പാടിയും പറഞ്ഞും നൃത്തം വച്ചും പ്രതിജ്ഞ ചൊല്ലിയും സംഭാഷണങ്ങളിലൂടെയും അവർ സ്‌റ്റേജും സദസ്സും കയ്യിലെടുത്തു. ആങ്കർ മുതൽ നന്ദി വരെയുള്ള എല്ലാ പരിപാടികളും കുട്ടിപ്പട്ടാളങ്ങൾ ഇംഗ്ലീഷിൽതന്നെ നിർവഹിച്ചു. കുഞ്ഞുസ്വരങ്ങളിലുയർന്ന ഓരോ വാക്കുകളും ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുകയായിരുന്നു സദസ്സ്. മക്കളുടെ മിന്നുന്ന അവതരണങ്ങളും മനോഹര ഭാവങ്ങളും ചെറിയ ചെറിയ മഴത്തുള്ളികളായി അവിടെയാകെ പ്രതീക്ഷയുടെ വലിയ മരം തളിരിടുന്നതിന്റെ സൂചനകൾ സമ്മാനിച്ചു.

ചിട്ടയായ പരിശീലനത്തിലൂടെ കുട്ടികൾ ആർജിച്ച ആത്മവിശ്വാസത്തിന് അടിവരയിടുന്നതായിരുന്നു രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ചുള്ള സംഗമം. വളരെ കുറഞ്ഞ സമയത്തിനകം അത്ഭുദകരമായ മാറ്റമാണ് മക്കളിൽ പ്രകടമായതെന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം അവധിക്കാലത്തിനുശേഷവും സജീവമായി മുന്നോട്ടു കൊണ്ടുപോകണമെന്നും രക്ഷിതാക്കൾ നിർദേശിച്ചു. ഒട്ടും സമ്മർദ്ദങ്ങളില്ലാതെ ഇംഗ്ലീഷ് കളിച്ചും ആസ്വദിച്ചും പഠിക്കുകയാണിവർ. ഇംഗ്ലീഷ് ക്ലാസില്ലാത്ത ദിവസം ആലോചിക്കാനാവാത്തവിധമാണ് ഇവരുടെ ലോകമെന്ന് രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തി. ആത്മവിശ്വാസത്തോടെയും ലളിതമായും മക്കൾ ഇംഗ്ലീഷിന്റെ ലോകത്ത് പിച്ചവയ്ക്കുന്നത് പ്രതീക്ഷകൾക്ക് കൂടുതൽ നിറം പകരുന്നതാണെന്നും സ്‌കൂളിലെ മുഴുവൻ കുട്ടികളെയും ഇതിലേക്ക് ചേർക്കാനാവണമെന്നും സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾക്കായി പി.ടി.എ പ്രത്യേകം പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും സംഗമത്തിൽ നിർദേശമുയർന്നു.
ആഴ്ചയിൽ ശനിയാഴ്ചകളിൽ നിലവിലുള്ള രണ്ട് ബാച്ചും തുടരുന്നതോടൊപ്പം പുതുതായൊരു ബാച്ച് തുടങ്ങാനും സംഗമത്തിൽ തീരുമാനിച്ചു. കുട്ടികളുടെ മേൽനോട്ടത്തിന് റൊട്ടേഷൻ അടിസ്ഥാനത്തിൽ രക്ഷിതാക്കൾക്ക് ചുമതല നൽകാനും ധാരണയായി. അധ്യാപക-രക്ഷാകർതൃ സംഗമത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മുഖ്യപരിശീലകനും മോട്ടിവേഷൻ സ്പീക്കറുമായ മുഹമ്മദ് ജാസിം മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂൾ പ്രധാനാധ്യാപിക ജാനിസ് ജോസഫ്, സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ കെ സി റിയാസ്, പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് കെ സി, വൈസ് പ്രസിഡന്റുമാരായ ലുഖ്മാനുൽ ഹഖീം, മുനീർ പാറമ്മൽ, മുൻ പി.ടി.എ പ്രസിഡന്റ് ശിഹാബ് പുന്നമണ്ണ്, ടി അഹമ്മദ് മാസ്റ്റർ, പരിശീലകരായ ഷബാന ടീച്ചർ, ഹാജറ ടീച്ചർ, വിവിധ രക്ഷിതാക്കൾ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കുള്ള കോഴിക്കോട് ലിഫ്റ്റിംഗ് ക്രൂ അക്കാദമിയുടെ ഉപഹാരങ്ങൾ ചെയർമാൻ മുഹമ്മദ് ജാസിം സമ്മാനിച്ചു.

പടങ്ങൾ…
കക്കാട് ഗവൺമെന്റ് എൽ.പി സ്‌കൂളിൽ നടന്ന ഇംഗ്ലീഷ് സർഗോത്സവം – എൻജോയ് 2022 പരിപാടിയിൽനിന്ന്??

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close