KERALAlocaltop news

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: കോഴിക്കോട് – വയനാട് ജില്ലകളിൽ നിരവധിപേർ ഇരയായതായി സൂചന

കോഴിക്കോട് : റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങിയ സംഭവത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായതായി സൂചന. ബിജെപി പ്രാദേശിക നേതാക്കളുടെയും മറ്റും നേതൃത്വത്തിലാണ്  വ്യാപകമായി തട്ടിപ്പ് നടന്നത്

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വ്യാജ ഇമെയില്‍ ഐ. ഡി. ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ നിയമനോത്തരവും നല്‍കി. റെയില്‍വെ സ്‌റ്റേഷനുകളില്‍ ക്ലാര്‍ക്ക് ഉള്‍പ്പെടെ വിവിധ തസ്തികകളിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ഘട്ടം ഘട്ടമായായിരുന്നു പലരില്‍നിന്നായി ഈടാക്കിയിരുന്നത്. സ്വന്തമായി വാട്‌സപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു റെയില്‍വേയുമായി ബന്ധപ്പെട്ട കുറെ ഡാറ്റകള്‍ അയച്ചുകൊടുക്കുകയും അവ കടലാസില്‍ പകര്‍ത്തി തിരിച്ചയക്കണമെന്നും നിര്‍ദേശിച്ചു. ട്രെയിനിന്റെ പേരുകളും സമയങ്ങളും ഉള്‍പ്പെടെയുളള വിവരങ്ങളായിരുന്നു പകര്‍ത്തി എഴുതി നല്‍കേണ്ടിരുന്നത്. തുടക്കത്തില്‍ ഓണ്‍ലൈന്‍ ജോബ് എന്ന് ധരിപ്പിച്ചായിരുന്നു ഇത്. കോവിഡ് കാലമായതിനാല്‍ വര്‍ക് അറ്റ് ഹോം എന്ന് കരുതി ഉദ്യോഗാര്‍ഥികള്‍ ജോലി തുടര്‍ന്നു. പ്രതിഫലമായി 25, 000 രൂപ മുതല്‍ 35,000 രൂപ ഏതാനും മാസങ്ങളിലായി ബാങ്ക് അക്കൗണ്ട് വഴി നല്‍കുകയും ചെയ്തു. മാന്യമായ പ്രതിഫലം ലഭിച്ചതോടെ ഉദ്യാഗാഥികള്‍ ബന്ധുക്കളേയും സ്‌നേഹിതരേയുമല്ലാം കണ്ണി ചേര്‍ത്തു. ഈ കണ്ണി മലബാറിലാകെ പടര്‍ന്നുപന്തലിക്കുകയായിരുന്നു. വിശ്വാസ്യത വളര്‍ത്താനുളള തുറുപ്പുചീട്ടായിരുന്നു തുടക്കത്തില്‍ തന്നെ നല്‍കിയിരുന്ന മാന്യമായ ശമ്പളം. കയ്യില്‍ കോടികള്‍ വന്നു ചേര്‍ന്നതോടെ തട്ടിപ്പ് സംഘം ശമ്പളം നല്‍കുന്നതെല്ലാം നിര്‍ത്തിവെച്ചു തടിതപ്പുകയായിരുന്നു. മലബാര്‍ ജില്ലകളില്‍ നിന്ന് മാത്രമായി ചുരുങ്ങിയത് അഞ്ഞൂറ് പേരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതര സംസ്ഥാനക്കാരും കബളിപ്പിക്കപ്പെട്ടതായാണ് വിവരം. തട്ടിപ്പ് സംഘത്തിനെതിരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷുകളില്‍ ഉദ്യാഗാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. എടപ്പാള്‍ വട്ടംകുളം കവുപ്ര സ്വദേശിനിയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയിരുന്നത്. റെയില്‍വേ ഉദ്യോഗസ്ഥയും റെയില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മെമ്പറും എന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്. മുക്കം വല്ലത്തായ്പാറ, തിരുവമ്പാടി പൊന്നാങ്കയം , വയനാട് സ്വദേശികളാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത്. വല്ലത്തായ്പാറ സ്വദേശിയായ ഇടനിലക്കാരനാണ് വലിയ തുകകള്‍ വാങ്ങിയിരുന്നതെന്ന ജയശ്രീ പറയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ചെന്നെയിലെ ഏജന്റിനാല്‍ കബളിപ്പിക്കപ്പെട്ടതായും ഇവര്‍ പറയുന്നുണ്ട്. റെയില്‍വേയില്‍ നിമയനവുമായി ബന്ധപ്പെട്ട വ്യാജ അറിയിപ്പ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചായിരുന്നു ഉദ്യോഗാര്‍ഥികളെ വലവീശിപ്പിടിച്ചത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ‘പിന്‍വാതില്‍നിയമനത്തിനുളള’ പ്രതിഫലം വാങ്ങിച്ചിരിന്നത്. ചെന്നെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പു സംഘം തുടക്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അവിടെ റെയില്‍വെ ഉദ്യോഗസ്ഥരുമായുളള ബന്ധവും കേന്ദ്ര ഭരണ പാര്‍ട്ടിയുമായുളള ബന്ധവും പറഞ്ഞായിരുന്നു ഉദ്യാഗാര്‍ഥികളെ വശത്താക്കിയത്. പോലീസുകാരന്റെ ഭാര്യയുള്‍പ്പെടെ തട്ടിപ്പിനിരയായിട്ടുണ്ട്. പലരും ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമൊക്കെയാണ് തുക സ്വരൂപിച്ചത്. സര്‍ക്കാര്‍ ജോലി കിട്ടി എന്ന പ്രതീതിയില്‍ ഉളളജോലി കളഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close