KERALAlocaltop news

സ്വത്ത് തട്ടിയെടുക്കാൻ റേഷൻകാർഡിൽ പേര് : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട് :- സ്വത്ത് തട്ടിയെടുക്കുന്നതിനായി വ്യാജ രേഖകൾ ഹാജരാക്കി റേഷൻ കാർഡിൽ പേരു ചേർത്തെന്ന പരാതി റേഷനിംഗ് കൺട്രോളറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

അന്വേഷണത്തിന് സിറ്റി റേഷനിംഗ് ഓഫീസർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്തി രണ്ട് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. സിവിൽ സപ്ലൈസ് കമ്മീഷണർക്കാണ് ഉത്തരവ് നൽകിയത്.

കാരപ്പറമ്പ് സ്വദേശി എ. സി. ഫ്രാൻസിസ് നൽകിയ പരാതിയിലാണ് ഉത്തരവ്. തന്റെ സഹോദരന്റെ പേരിൽ റേഷൻ കാർഡുണ്ടാക്കിയെന്നാണ് ആരോപണം.

ഡി ജി പി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് അന്വേഷിച്ചു.

പരാതിക്കാരന്റെ സഹോദരനെ ഭർത്താവായി കാണിച്ചാണ് ഭാര്യ ഓമന റേഷൻകാർഡുണ്ടാക്കിയത്. 1998 ലാണ് റേഷൻ കാർഡ് അനുവദിച്ചത്. പ്രസ്തുത കാർഡിനുള്ള അപേക്ഷ വർഷങ്ങൾ കഴിഞ്ഞതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. 2017 ൽ റേഷൻകാർഡ് പുതുക്കി നൽകിയപ്പോൾ പഴയ വിവരങ്ങളാണ് ഉപയോഗിച്ചത്. പിന്നീട് പരാതിക്കാരന്റെ സഹോദനായ ചാർലി മരിച്ചു. 1992 ലാണ് ചാർലിയെ വിവാഹം കഴിച്ചതെന്ന് ഓമന മൊഴി നൽകിയിട്ടുണ്ട്. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. ചാർലിയിൽ ഓമനക്ക് ഒരു മകളുണ്ട്. തൊഴിൽരഹിതയായ ഇവർക്ക് 27 വയസായി.

മകളുടെ പിതാവിന്റെ സ്ഥാനത്ത് ചാർളി എന്നാണുള്ളതെന്നും കമ്മീഷൻ കണ്ടെത്തി. ചാർളി മറ്റൊരാളെ വിവാഹം കഴിച്ചിട്ടുണ്ട്. പ്രസ്തുത വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒരേ റേഷനിംഗ് ഓഫീസറുടെ അധികാര പരിധിയിൽ എ സി ചാർലി എന്ന പേര് 2 റേഷൻ കാർഡുകളിൽ ഉൾപ്പെട്ടത് റേഷനിംഗ് ഇൻസ്പെക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി. എന്നാൽ ചാർളിയുടെ സ്വത്തിന്റെ പിന്തുടർച്ചാവകാശം ലഭ്യമാക്കാൻ ഓമന റേഷൻ കാർഡ് വിവിധ ഓഫീസുകളിൽ ഹാജരാക്കിയിട്ടുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചു. തുടർന്നാണ് വ്യാജരേഖകൾ ഹാജരാക്കിയാണോ ഓമന ചാർളിയുടെ പേര് റേഷൻകാർഡിൽ ഉൾപ്പെടുത്തിയതെന്നന്വേഷിക്കാൻ കമ്മീഷൻ തീരുമാനിച്ചത്. അന്വേഷണത്തിൽ റേഷൻ ഇൻസ്പെക്ടർമാർ, റേഷൻഷോപ്പ് നടത്തിയിരുന്നവർ എന്നിവരെ കണ്ട് വിശദമായ അന്വേഷണം നടത്തണമെന്ന് കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close