KERALAlocaltop news

മാധ്യമങ്ങൾക്ക് നിർഭയമായി പ്രവർത്തിക്കാൻ ഇടപെലുകൾ ഉണ്ടാവണം :- റവന്യു മന്ത്രി

സീനിയർ ജേണലിസ്റ്റ്സ് ഫോറം സമ്മേളനത്തിന് കോഴിക്കോട്ട് പ്രൗഡോജ്വല തുടക്കം

കോഴിക്കോട്: മാധ്യമങ്ങൾക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള ഇടപെടലുകൾ ആവശ്യമാണെന്ന് റവന്യൂമന്ത്രി അഡ്വ.കെ.രാജൻ. സീനിയർ ജേണലിസ്റ്റ്സ് ഫോറം 10 ആം സംസ്ഥാന സമ്മേളനം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന പത്രപ്രവർത്തകരുടെ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കുമെന്നും അതൊരു ആദരവിന്‍റെ പ്രശ്നമായി കാണുമെന്നും കോഴിക്കോട്ട് മീഡിയ മ്യൂസിയമുണ്ടാക്കാൻ സഹായം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേരളം എങ്ങനെ ദൈവത്തിന്‍റെ സ്വന്തം നാടായി എന്നത് പലപ്പോഴും നാം വിസ്മരിച്ചു പോവുന്നു. ഫാസിസ്റ്റ് കാലത്ത് ഭരണകൂടങ്ങൾ മാധ്യമപ്രവർത്തനങ്ങളിൽ ഇടപെടുന്നു. ഇഷ്ടമില്ലാത്ത മാധ്യമങ്ങൾ പൂട്ടിക്കുക എന്ന പുതിയ ശീലത്തിലേക്ക് വന്നു. മീഡിയാ വണും  , നാഷനൽ ഹെറാൾഡുമൊക്കെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു. അക്ഷരങ്ങളുടെ കൂട്ടുകാരെ അടച്ച്പൂട്ടുന്ന തന്ത്രത്തിലേക്ക് ഭരണകൂടം പോവുന്നത് ഗൗരവത്തിലെടുക്കണം. പത്രാധിപൻമാരും മാധ്യമ പ്രവർത്തകരും തമ്മിൽ അകലമേറുന്നോയെന്ന് പരിശോധിക്കണം. മാനേജ്മെന്‍റിന്‍റെ ആവശ്യത്തിനായി എഴുതാനാവില്ലയെന്ന് പ്രഖ്യാപിച്ചും ഇടഞ്ഞും നിന്ന മാധ്യമപ്രവർത്തകരുടെ നാടാണ് കേരളം. സമരസപ്പെടുന്നതിന്‍റെ തുല്യതയിലേക്ക് പോവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് അഡ്വ.വി.പ്രതാപചന്ദ്രൻ അധ്യക്ഷത വഹിച്ചു.

.ടൗൺ ഹാളിൽ മുതിർന്ന പത്രപ്രവർത്തകൻ  പി.കെ.മുഹമ്മദ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്കു തുടക്കമായത്.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ , അഡ്വ.എം. രാജൻ , സീനിയർ ജേണലിസ്റ്റ്സ് ഫോറം- കേരള ജനറൽ സെക്രട്ടറി എം.മാധവൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാൻ സി.എം.കൃഷ്ണ പണിക്കർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹരിദാസൻ പാലയിൽ നന്ദിയും പറഞ്ഞു.ചലച്ചിത്ര ഗാന രചയിതാവ് നിധീഷ് നടേരി എഴുതി സായി ബാലൻ സംഗീതം പകർന്ന സ്വാഗത ഗാനം ചടങ്ങിൽ ആലപിച്ചു. എൺപത് പിന്നിട്ട പത്രപ്രവർത്തകരായ വി.അശോകൻ, ആർ. ശ്രീനിവാസൻ , പി.ഗോപി, കെ.അബ്ദുള്ള, സി.എം.കൃഷ്ണ പണിക്കർ , സി.രാജൻ, പി.പി.കെ ശങ്കർ എന്നിവരെ ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി കെ.രാജൻ പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയ തലമുറയിലെ പത്ത് ജേണലിസം വിദ്യാർഥികൾ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിരാത് തെളിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ജനാധിപത്യവും മാധ്യമങ്ങളും എന്ന വിഷയത്തിൽ നടന്ന മാധ്യമ സെമിനാർ ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. പി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഡോ. നടുവട്ടം സത്യശീലൻ വിഷയം അവതരിപ്പിച്ചു. എൻ.ശ്രീകുമാർ പ്രസംഗിച്ചു. ഹരിദാസൻ പാലയിൽ സ്വാഗതവും സി.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം ശനിയാഴ്ച്ച രാവിലെ തുടരും. വിവിധ പുരസ്കാരങ്ങൾ ലഭിച്ച മുതിർന്ന പത്രപ്രവർത്തകരെ അനുമോദിക്കുന്ന ചടങ്ങ് 12 മണിക്ക് നടക്കും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ .എ ഉപഹാരം സമർപ്പിക്കും. എം. ബാലഗോപാലൻ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ്. രാകേഷ് പ്രസംഗിക്കും. പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും .ഭാവി പരിപാടികൾ സംബന്ധിച്ച് പ്രതിനിധികൾ ചർച്ച ചെയ്യും.വൈകിട്ട് നാലിന് സമാപന സമ്മേളനം നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close