കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ നടപ്പാതകളിലുള്ള അനധിക്യത പാർക്കിംഗ് അടിയന്തിരമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾക്ക് ആവശ്യാനുസരണം പാർക്കിംഗ് സൗകര്യം നഗരത്തിൽ ഏർപ്പെടുത്താൻ നഗരസഭാ സെക്രട്ടറി നടപടിയെടുക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
നടപ്പാതകളിലെ ഇരുചക്രവാഹന പാർക്കിങ്ങ് സംബന്ധിച്ച് പ്രസിദ്ധീകരിച്ച പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സെപ്റ്റംബർ 30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. അതിന് മുമ്പ് സിറ്റി പോലീസ് കമ്മീഷണറും നഗരസഭാ സെക്രട്ടറിയും റിപ്പോർട്ട് സമർപ്പിക്കണം.