കോഴിക്കോട് : പുസ്തകങ്ങളിൽ നിന്ന് വായിച്ചു പഠിച്ച അറിവിനെക്കാൾ മഹത്തരമാണ് ചരിത്രശേഷിപ്പുകൾ നേരിട്ടനുഭവിക്കുന്നത് എന്ന തിരച്ചറിവോടെയായിരുന്നു അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ സിവിൽ സർവീസ് പരീക്ഷാ പരിശീലന കളരിയായ ‘ആസ്പയർ’ വിദ്യാർത്ഥികളുടെ പൈതൃക നടത്തം.
റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിപാടി മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
പൈതൃകത്തെ തിരിച്ചറിയുമ്പോൾ വ്യക്തിത്വത്തിന് മാറ്റ് കൂടുമെന്ന് മേയർ അഭിപ്രായപ്പെട്ടു. സത്യ സന്ധതയോടെ എഴുതി വെച്ച ചരിത്രം പലപ്പോഴും വെളിച്ചം കണ്ടിട്ടില്ല. എങ്കിലും അവസാനമില്ലാത്ത ചരിത്രവും ചരിത്രശേഷിപ്പുകളും പുതിയ തലമുറയ്ക്ക് എക്കാലവും പ്രചോദനമാകുമെന്നും മേയർ പറഞ്ഞു.ഗൈഡ് ഡോ. അജ്മൽ മുഈൻ നേതൃത്വം നൽകി.
കിഡ്സൺ കോർണ്ണറിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് – ജലീൽ എടത്തിൽ അധ്യക്ഷത വഹിച്ചു.
റോട്ടറി 3204 :അസിസ്റ്റന്റ് ഗവർണ്ണർ – എം എം ഷാജി, ഐ പി പി സന്നാഫ് പാലക്കണ്ടി, ഡോ.ഉണ്ണി ഒളകര,
സ്കൂൾ പ്രിൻസിപ്പാൾ – കെ ടി മുനീബ് റഹ്മാൻ ,
ആസ്പെയർ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ – നിസാർ കടൂരൻ , പൂർവ്വ വിദ്യാർത്ഥി പ്രതിനിധി എൻ വി യാസിർ , കെ ജെ തോമസ്, അയൂബ് യൂസഫ് എന്നിവർ സംസാരിച്ചു.
മിഠായിത്തെരുവിലൂടെ നടന്ന് തുടങ്ങിയ യാത്ര പാഴ്സി ക്ഷേത്രം, ഹനുമാൻ കോവിൽ , ജൈന ക്ഷേത്രം, മുച്ചുന്തി പള്ളി,ഷിയാ മസ്ജിദ്, ജിഫ്രി ഹൗസ്, ഗുജറാത്തി സ്ട്രീറ്റ് എന്നിവ സന്ദർശിച്ചു. ഇതിനിടയിൽ സ്വാതന്ത്ര്യ സമര സേനാനി അബ്ദുറഹിമാൻ റോഡും റെയിൽവേ സ്റ്റേഷനും സംഗമിക്കുന്നിടത്ത് വിശ്രമം . 100 വർഷം പഴക്കമുള്ള ശങ്കരൻ ബേക്കറിയിലെത്തി കോഴിക്കോടൻ ഹലുവ കഴിച്ച് നടത്തം തുടർന്നു. കുറ്റിച്ചിറ,മിഷ്ക്കാൽ പള്ളിയും,തളി ക്ഷേത്രവും കണ്ട് , സാമൂതിരി രാജ കാലഘട്ടത്തിലെ കഥകൾ കേട്ടും മാനാഞ്ചിറയും മുതലക്കുളവും ആസ്വദിച്ച് നേരെ ചെന്നിറങ്ങിയത് കാപ്പാട് കടൽത്തീരത്ത് . അവിടെ നിന്നും ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലും തുടർന്ന് കുഞ്ഞാലി മരയ്ക്കാർ സ്മാരകവും കണ്ടായിരുന്നു 44 വിദ്യാർത്ഥികളടങ്ങുന്ന സംഘത്തിന്റെ മടക്കം.