കോഴിക്കോട് : സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് ബോംബെറിഞ്ഞ കേസിലെ മൂന്നാം പ്രതിയായ ആർ എസ് എസ് പ്രവർത്തകനെ എയർപോർട്ടിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു . 2017 ജൂൺ ഒൻപതിന് രാത്രി സി പി എം കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് മൂന്നാം പ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി , ടി.പി സജീവന്റെ നേതൃത്വത്തിലാണ് മൂന്നാം പ്രതിയായ കോഴിക്കോട് വടകര പുറമേരി സ്വദേശി കൂരോരൂത്ത് നജീഷിനെ (40) ഇന്ന് പകൽ കരിപ്പൂർ വിമാന താവളത്തിൽ പിടികൂടിയത്. അക്രമത്തിന് ശേഷം ദുബൈയിലേക്ക് രക്ഷപെട്ട പ്രതിക്കെതിരെ ഡിവൈഎസ്പി ടി.പി. സജീവൻ ലുക്കൗട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് ദുബൈ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കരിപ്പൂർ വിമാനത്തിൽ എത്തിക്കുകയായിരുന്നു , കേസിലെ ഒന്നും, രണ്ടും പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. തിരിച്ചറിയൽ പരേഡിന് ശേഷം ഇന്ന് വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം എകെജി സെന്ററിന് നേരെ നടന്ന പടക്കമേറ് കേസുപോലെ ഏറെ വിവാദമായിരുന്നു കോഴിക്കോട്ടെ ബോംബേറ് കേസ്. ജില്ലാ കമ്മറ്റി ഓഫീസിനു മുന്നിലെ മാവിന്റെ കൊമ്പിൽ തട്ടി ചിതറിയതിനാലാണ് അന്ന് ആളപായമുണ്ടാകാതിരുന്നത്.