ഒക്ടോബർ ഒന്ന് – മൂന്നാം ദിനം താബോർ മല , മാമോദീസ നവീകരണം, കഫർണഹൂം, മെൻസ ക്രിസ്റ്റി, സിനഗോഗ് ……….. തിബാരിയോസ് കടപ്പുറത്തെ ക്ലബ് ഹോട്ടലിൽ സുഖനിദ്രയ്ക്ക് ശേഷം പുലർച്ചെ അഞ്ചിന് ഉണർന്ന്, ആറിന് വിഭവങ്ങൾ നിറഞ്ഞ പ്രഭാത ഭക്ഷണം. അബ്രഹാം അച്ചന്റെ ഉപദേശ പ്രകാരം മിക്കവരും ഡൈനിങ്ങ് ഹാളിൽ നിന്ന് വിവിധ തരം ജ്യൂസുകൾ കുപ്പികളിൽ ശേഖരിച്ചു , വഴിയിൽ ദാഹമകറ്റാനാണ്. രാവിലെ 7.18 ന് ബസ് പുറപ്പെട്ടു. പ്രാരംഭമായി അച്ചന്റെ ആശീർവാദ പ്രാർത്ഥന. ഈശോ രൂപാന്തരീകരണം പ്രാപിച്ച താബോർ മലയിലേക്കാണ് ആദ്യം . ഇസ്രായേലിലെ ഒരു ചെറു പർവ്വതമാണ് താബോർ മല. നസ്റേത്തിന് എട്ട് കി.മീറ്റർ തെക്ക് കിഴക്ക് മാറി ജെസ്റീൽ സമതലത്തിന്റെ വടക്കു കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ കുന്നിന് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 588 മീറ്റർ ഉയരം. വയനാട് ചുരം പോലെ ഹെയർപിൻ വളവുകൾ ധാരാളമുള്ള ചെങ്കുത്തായ ഈ മലയിലേക്ക് വലിയ ബസുകൾ പോകാത്തതിനാൽ എട്ടോ -പത്തോ പേർക്ക് കയറാവുന്ന മീഡിയം വാഹനങ്ങളിലാണ് യാത്ര . മലമുകളിൽ ഈശോ ഇരുന്ന് പ്രാർത്ഥിച്ച പാറയ്ക്ക് ചുറ്റും ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്നു. ഇവിടെ മുട്ടുകുത്തി കുടുംബത്തേയും തലമുറകളേയും സമർപ്പിച്ച് പ്രാർത്ഥിക്കാൻ അച്ചൻ നൽകിയ നിർദ്ദേശം എല്ലാവരും അനുസരിച്ചു. മലമുകളിലാകെ നടന്നു കണ്ട ശേഷം ചെറു വാഹനങ്ങളിൽ താഴേക്ക് . .തുടർന്ന് ബസിൽ യാത്ര ജോർദ്ദാൻ നദീ തീരത്തേക്ക് . ഈശോ യോഹന്നാൻ സ്നാപകനിൽ നിന്ന് മാമോദീസ സ്വീകരിച്ച ജോർദ്ദാൻ നദിയിൽ , നമുക്ക് മാമോദീസ നവീകരണം നടത്താൻ വിവിധ കടവുകളുണ്ട്. ഒരു കടവിൽ തൂവെള്ള വസ്ത്രമണിഞ്ഞ് നദിയിൽ മുങ്ങി പൊങ്ങി നവീകരണം നടത്തുന്ന സംഘം . പെന്തക്കോസ്ത് വിഭാഗമാണെന്ന് തോന്നുന്നു. ” YARDENIT ” എന്നാലേഖനം ചെയ്ത വൃത്താകൃതിയിലുള്ള കൽതൂണിന് ( the Baptismal site ) മുന്നിൽ നിന്ന് പലരും ചിത്രം പകർത്തുന്നു. അബ്രഹാമച്ചൻ തിരഞ്ഞെടുത്ത കടവിൽ നിന്ന് മുഴുവൻ സംഘാംഗങ്ങൾക്കും മാമോദീസ നവീകരണം. ജോർദ്ദാൻ നദിയിൽ നിന്ന് കുപ്പിയിൽ ശേഖരിച്ച വെള്ളം മൂർദ്ദാവിൽ ഒഴിച്ച് അച്ചൻ മാമോദിസ എന്ന പ്രഥമ കൂദാശയിലെ മൂന്ന് ചോദ്യങ്ങൾ ചോദിക്കുന്നു. കൈകുഞ്ഞായിരുന്ന കാലത്ത് നമുക്ക് വേണ്ടി തലതൊട്ടപ്പനും , തലതൊട്ടമ്മയും നൽകിയ മറുപടി നമ്മൾ ഏറ്റുപറയുകയാണ്. ചോദ്യങ്ങൾ – 1) പാപവും പാപസാഹചര്യവും നീ ഉപേക്ഷിക്കുന്നുവോ . 2 ) യേശുവിനെ പിതാവും രക്ഷകനുമായി നീ സ്വീകരിക്കുന്നുവോ . 3 ) പിശാചിനേയും അവന്റെ ബന്ധനങ്ങളേയും നീ ഉപേക്ഷിക്കുന്നുവോ . ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലൂടെ മാമോദീസ നവീകരണം പൂർത്തിയായി. ഈ രംഗങ്ങൾ ഡോ. ജെയിംസ് മാത്യു നദിയിലിറങ്ങി ക്യാമറയിൽ പകർത്തി. തുടർന്ന് യാത്ര യേശു ഏറ്റവുമധികം അത്ഭുതങ്ങൾ പ്രവർത്തിച്ച കഫർണഹൂമിലേക്ക് . നഹൂമിന്റെ ഗ്രാമം എന്നാണ് Capernaum – എന്ന പേരിനർത്ഥം. യേശുവിന്റെ ശുശ്രൂഷയിൽ വളരെ പ്രാധാന്യമർഹിച്ച പട്ടണം . ഗലീലി കടലിന്റെ വടക്കുപടിഞ്ഞാറെ തീരത്താണ് കഫർണഹൂം. യേശു ശിഷ്യന്മാരെ പഠിപ്പിച്ച സിനഗോഗ് ഇവിടെയാണ്. കഫർണഹൂമിന് വടക്കു കിഴക്കേ ഭാഗത്തുള്ള ഗലിലി കടലിൽ മീൻ പിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് പത്രോസിനേയും, അന്ത്രയോസിനേയും, സെബദി പുത്രന്മാരേയും യേശു കണ്ടതും തന്നെ അനുഗമിക്കാൻ ആവശ്യപ്പെട്ടതും. ഇവിടെ ചുങ്കസ്ഥലത്ത് നിന്നാണ് മത്തായിയെ യേശു ഒപ്പം കൂട്ടിയത് . അങ്ങനെ കഫർണഹും യേശുവിന്റെ സ്വന്തം പട്ടണമായി മാറി. അവിശ്വാസത്തിന് യേശു കുറ്റപ്പെടുത്തിയ പട്ടണങ്ങളിൽ ഒന്നായിരുന്നു ഇത്. ” നീയോ കഫർണഹൂമേ സ്വർഗത്തോളം ഉയർന്നിരിക്കുമോ, നീ പാതാളത്തോളം താണുപോകും. നിന്നിൽ നടന്ന വീര്യപ്രവർത്തികൾ സോദോമിൽ നടന്നിരുന്നുമെങ്കിൽ അത് ഇന്നുവരെ നിൽക്കുമായിരുന്നു ..” ( മത്തായി 11:23 ) ഈ പ്രവചനം നിറവേറുകയും ദൈവ വചനം സത്യമാണ് എന്നതിന്റെ തെളിവുകളിൽ ഒന്നായി കഫർണഹൂം ഇപ്പോഴും തരിശായി കിടക്കുകയും ചെയ്യുന്നു. തുടർന്ന് പത്രോസിന്റെ ഭവനം സന്ദർശിച്ച ശേഷം Tanureen Galaxy റസ്റ്റോറന്റിൽ പത്രോസിന്റെ പൊരിച്ച മീൻ കൂട്ടി. ഉച്ച ഭക്ഷണം രുചികരമായ മീനിൽ അച്ചന്റെ നിർദ്ദേശപ്രകാരം നാരങ്ങാ നീരും, കുരുമുളക് പൊടിയും ചേർത്ത് എല്ലാവരും ആവോളം കഴിച്ചു : എസക്കിയേലിന്റെ താഴ്‌വരയിലെ അസ്ഥികൾ പോലെ തീൻ മേശയിൽ മത്സ്യത്തിന്റെ അസ്ഥികൾ നിറഞ്ഞു . അഞ്ചപ്പം വർധിപ്പിച്ച് 5000 പേർക്ക് യേശു ഭക്ഷണമൊരുക്കിയ സ്ഥലത്തേക്കായിരുന്നു അടുത്ത യാത്ര. അവിടെയാണ് Tabca ദേവാലയം. തുടർന്ന്, ഉത്ഥിതനായ ഈശോ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ട തിബാരിയോസ് കടൽ തീരത്തേക്ക് . ശിഷ്യന്മാർക്കായി യേശു ഭക്ഷണമൊരുക്കി കാത്ത് നിന്ന ഈ സ്ഥലം MENSA CHRISTY ( കർത്താവിന്റെ തീൻ മേശ ) എന്നറിയപ്പെടുന്നു. തുടർന്ന് കാനായിലെ കല്യാണ വീട്ടിലേക്ക് . പരിശുദ്ധ മാതാവിന്റെ ശിപാർശ പ്രകാരം യേശു ആദ്യത്തെ അത്ഭുതം പ്രവർത്തിച്ച ഈ സ്ഥലത്ത് അന്നത്തെ പോലെയുള്ള വലിയ കൽഭരണികൾ സൂക്ഷിച്ചിട്ടുണ്ട്. ഇവിടുത്തെ ദേവാലയ അൾത്താരയിൽ അച്ചൻ വിശുദ്ധ കുർബാന അർപ്പിച്ച് സംഘത്തിലെ ദമ്പതിമാർക്ക് വിവാഹ നവീകരണ ആശിർവാദം നടത്തി. ഞാനും ഭാര്യയുമടക്കം ദമ്പതികൾക്ക് അൾത്താരയിൽ തന്നെ അച്ചൻ ഇരിപ്പിടം ഒരുക്കി. ഈശോ പത്രോസിന് പരമാധികാരം നൽകിയ സ്ഥലവും തിബാരിയോസ് കടൽ തീരത്താണ് . തുടർന്ന് ക്ലബ് ഹോട്ടലിലേക്ക് മടക്കം. അത്താഴ ശേഷം ഉറക്കത്തിനായി എല്ലാവരും മുറികളിലേക്ക് –
നാളെ നാലാം ദിവസം- തുടരും …