INDIAKERALAlocalNationaltop newsVIRAL

ഇടയന്റെ നാട്ടിലൂടെ…….; ( വിശുദ്ധനാട് യാത്രാവിവരണം – അവസാന ഭാഗം )

           ബാബു ചെറിയാൻ                                                                                                                           യാത്ര 9, 10 ദിനം – 2022                                   ഒക്ടോബർ 7, 8                                                                                                        ദൈവപുത്രന്റെ കാൽപാടുകൾ പതിഞ്ഞ പുണ്യഭൂമിയുടെ വികാരഭരിതമായ ഓർമകൾ മനസിൽ ആവോളം നിറച്ച് ഞങ്ങളുടെ സംഘം ഇന്ന് നാട്ടിലേക്ക് മടക്കയാത്ര ആരംഭിക്കുകയാണ്. ബെത്‌ലഹേമിലെ പുൽത്തൊട്ടിലിൽ തുടങ്ങി കാൽവരി വരെയുള്ള കാഴ്ച്ചകൾ ഒന്നൊന്നായി മനസിലൂടെ കടന്നപ്പോൾ , എല്ലാം നേരിൽ കാണാനായല്ലോ എന്ന സന്തോഷത്താൽ മനം നിറയുന്നു.                                                                      ജോർദ്ദാനിലെ STRAND ഹോട്ടലിലെ ഹാളിൽ രാവിലെ ഏഴിന് വിശുദ്ധ കുർബാനയർപ്പണം. ഞങ്ങളുടെ മടക്കയാത്രയേയും, വാഹനത്തേയും , ചെക്പോസ്റ്റ് കടമ്പകളും , വിമാനങ്ങളുമെല്ലാം സമർപ്പിച്ചാണ് അബ്രഹാമച്ചന്റ പ്രാർത്ഥന. ശേഷം 11 മണിവരെ ഹോട്ടലിൽ വിശ്രമം. എല്ലാവരും ലഗേജുകളുമായി ബസിലേക്ക് . രാവിലെ 11.45 ന് അമ്മാൻ എയർപോർട്ടിലേക്ക് യാത്ര ആരംഭിച്ചു. ഇസ്രായേൽ ചെക്ക്പോസ്റ്റിൽ ഇഴകീറി പരിശോധനയ്ക്ക് ശേഷം ടൂറിസ്റ്റ് വിസകൾ തിരിച്ചേൽപ്പിച്ച് എക്സിറ്റ് അടിച്ചു. തുടർന്ന് രണ്ട് മണിക്കൂറോളം ക്യൂ നിന്ന് മറ്റൊരു വാഹനത്തിൽ ജോർദ്ദാൻ അതിർത്തിയിലേക്ക് . ഗൈഡ് ശുക്രി ഞങ്ങൾക്ക് യാത്രാ മംഗളങ്ങൾ നേർന്ന് ഇടയ്ക്ക് മടങ്ങിയിരുന്നു. ഞങ്ങൾ ജോർദ്ദാൻ ചെക്പോസ്റ്റിലേക്കുള്ള പ്രത്യേക ബസിൽ കയറുംവരെ ഞങ്ങൾക്ക് ഇത്രയും ദിവസം സാരഥിയായിരുന്ന ബസിന്റെ ഡ്രൈവർ അവിടെ കാത്തു നിന്നു . ജോർദ്ദാൻ ചെക്പോസ്റ്റിൽ യാത്രികരുടെ പെട്ടികൾ തുറന്ന് വിശദ പരിശോധന. ഇതിനിടെ , ഇസ്രായേലിൽ നിന്ന് വാങ്ങിയ തിരുവസ്തുക്കൾ അവർ പുറത്തെടുപ്പിച്ചു. 150 ഉം 200 ഉം ഡോളർ വീതം വിലയുള്ള ഏഴുതിരി വിളക്കുകൾ അവർ പിടിച്ചെടുത്തു. പലർക്കും വൻ സാമ്പത്തിക നഷ്ടമുണ്ടായി. ഗൈഡ് അടക്കം പലരും പട്ടാളക്കാരുമായി സംസാരിച്ചെങ്കിലും അവരുടെ കഠിന ഹൃദയം തെല്ലുമേ അലിഞ്ഞില്ല. ജോർദ്ദാനിലെ കടകളിലും ഇത്തരം ഏഴുതിരി വിളക്കുകൾ ലഭ്യമാണ്. ഇസ്രായേലിലെ വ്യാപാരം നിരുത്സാഹപ്പെടുത്തുന്ന തിനാണത്രെ ഇവ പിടിച്ചെടുത്തതെന്ന് ഗൈഡ് വിശദീകരിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ മറിച്ച് വിറ്റ് അവർ നന്നാകട്ടെ , അല്ലാതെന്ത് പറയാൻ . ഞങ്ങളുടെ സംഘത്തിന് ഏറെ വിഷമമുണ്ടാക്കിയ കാര്യം ജോർദ്ദാൻ ചെക്ക്പോസ്റ്റിലെ കണ്ണിൽചോരയില്ലാത്ത ഈ പരിശോധനാ നടപടികളാണ്.        മെഴ്സിഡസ് ബെൻസിന്റ എ.സി ബസിൽ കയറി യാത്ര തുടർന്നു. ഓർമ്മകൾ പോലെ റോഡിന്റെ ഇരുവശങ്ങളിലും കാഴ്ച്ചകൾ മിന്നിമറയുന്നു. ഉച്ചയ്ക്ക് 12.17 ന് അമ്മാൻ എയർപോർട്ടിൽ . ചെക്കിങ്ങിന് ശേഷം വൈകിട്ട് 3.50 ന്റെ എയർ അറേബ്യ വിമാനത്തിൽ ഷാർജയിലേക്ക് . രാത്രി എട്ടിനോടെ ഷാർജയിൽ .യു എ ഇ, സൗദിയടക്കം മറ്റ് രാജ്യങ്ങളിൽ നിന്നു വന്നവർ യാത്ര പറഞ്ഞ് അവിടെ നിന്ന് മടങ്ങി. ബാക്കിയുള്ളവർ രാത്രി 9.50 ന്റെ എയർ അറേബ്യ വിമാനത്തിൽ നെടുമ്പാശേരിയിലേക്ക് . രണ്ട് വിമാനങ്ങളിലും നല്ല ഭക്ഷണം ലഭിച്ചു. ഒക്ടോബർ എട്ടിന് പുലർച്ചെ 3.30 ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങി. പരിശോധനകൾക്ക് ശേഷം ലഗേജുമായി അഞ്ചു മണിയോടെ വിമാനതാവളത്തിന് പുറത്തെത്തി. എല്ലാവരും പരസ്പരം യാത്ര പറഞ്ഞു പിരിയുകയാണ്. ഇതിന് മുൻപ് കണ്ടിട്ടില്ലാത്ത ഞങ്ങളേവരും വെറും പത്തു ദിവസം കൊണ്ട് ഒരേ കുടുംബമായാണല്ലോ തിരിച്ചുവന്നിരിക്കുന്നത്. അതിനാൽ വിടചൊല്ലൽ വികാരഭരിതമായി. നെടുമ്പാശേരിയിൽ നിന്ന് ഓരോരുത്തരും അവരവരുടെ സ്ഥലത്തേക്ക് . കോഴിക്കോട്ടു നിന്നെത്തിയ ടെമ്പോ ട്രാവലറിൽ ഞങ്ങൾ കോഴിക്കോട്ടുകാർ പുറപ്പെട്ടു. രാവിലെ 8.40നോടെ ഞങ്ങൾ എരഞ്ഞിപ്പാലത്ത് ഡോ. ജെയിംസ് മാത്യുവിന്റെ വീടിന് സമീപം യാത്ര അവസാനിപ്പിച്ചു. രണ്ടാം കോ-ഓർഡിനേറ്ററായ ഡോ. ലിസ ജെയിംസ് ഞങ്ങളെ വരവേൽക്കാൻ “പ്രെയിസ് ദ ലോഡ് ” ഉരുവിട്ട് കാത്തുനിന്നിരുന്നു.      ഒരു കാര്യം മറന്നു – യാത്രാ സംഘത്തിലെ ജിയോ എന്ന യുവ അധ്യാപകൻ സ്വന്തം അമ്മയോട് കാണിച്ച കരുതൽ പറയാതിരിക്കാൻ വയ്യ. റിട്ട. അധ്യാപികയായ അമ്മയെ ഈ ദിവസങ്ങളിലത്രയും കൈവെള്ളയിൽ എന്ന പോലെയാണ് ജിയോ കൊണ്ടു നടന്നത്.                                          യാത്രയിൽ മനസ് വേദനിപ്പിച്ച രണ്ടു കാര്യങ്ങൾ കൂടി ഇവിടെ കുറിക്കുകയാണ്.                      മാതാവിന്റെ മിൽക്ക് ഗ്രോട്ടോയിലെ പൊടി വിൽപ്പനയാണ് ഒന്ന്. സത്യം അറിഞ്ഞിട്ടും , കുട്ടികൾ ഉണ്ടാവാത്തവർക്ക് കുട്ടികൾ ഉണ്ടാകുമെന്ന് പ്രചരിപ്പിച്ച് ഒരു വൈദികന്റെ നേതൃത്വത്തിൽ വൻ ബിസിനസാണ് നടക്കുന്നത്. രണ്ടാമത്തെ വിഷമം – മാതാവിന്റെ കല്ലറയുള്ള ദേവാലയത്തിനുള്ളിലെ കച്ചവടമാണ്. മെഴുകുതിരിയും , ജപമാലയും , മറ്റ് വിശുദ്ധ വസ്തുക്കളുമെല്ലാം വിൽക്കുന്നത് ദേവാലയത്തിനുള്ളിൽ തന്നെ. വൈദികരും , കന്യാസ്ത്രീകളുമാണ് സെയിൽസ്മാൻമാർ . ജറുസലേം ദേവാലയത്തിൽ നിന്നും രണ്ടായിരം വർഷം മുൻപ് ഈശോ ചാട്ടവാറിനടിച്ചോടിച്ചവരുടെ പിൻഗാമികൾ . ഇവരോട് പൊറുക്കേണമേ എന്നു പ്രാർത്ഥിക്കാനല്ലാതെ നമുക്കെന്ത് കഴിയും ?                                                                  യാത്രാ സംഘത്തെ പരിചയപ്പെടുത്തുമെന്ന് ആദ്യ വിവരണത്തിൽ പറഞ്ഞിരുന്നല്ലോ. അത് താഴെ –വിശുദ്ധനാട് യാത്രയിൽ പങ്കെടുത്തവർ – ഫാ. അബ്രഹാം കടിയക്കുഴി, ഡോ. ജെയിംസ് മാത്യു കുന്നപ്പള്ളി (ചീഫ് കോ-ഓർഡിനേറ്റർ , ബ്രദർ സാബു ജോസ് ആറുതൊട്ടിയിൽ, സിൽവി സാബു , ജോസ് തോമസ് മിഖായേൽ ( മിഖാ ), ജെയിൻ ജോസഫ് , തോമസ് മിലൻ മാത്യു, ഫ്രാൻസിസ് തോമസ് മനോ ജേക്കബ്, സ്നേഹ എലിസബത്ത് , ജിയാന തോമസ്, ബേബിച്ചൻ കണ്ടൻകേരിൽ , റോസമ്മ ബേബിച്ചൻ , ജോസഫ് ആന്റണി , സോഫിയാമ്മ ജോസഫ് , വർഗീസ് ആന്റണി, റെജി റോസ് മാത്യു, അനി പഴയിടത്ത് , റാണി അനി, അബ്രഹാം ജോസഫ് , മില അബ്രഹാം , ഷാജി മാത്യു, ഷെർലി സിബു, സണ്ണി ജോർജ് , ഷാലി സണ്ണി, ജോസഫ് മാത്യൂസ്, ലൈസമ്മ മാത്യൂസ്, ജയിനമ്മ സെബാസ്റ്റ്യൻ, റെയ്ച്ചൽ ജോസഫ് , ജോർജ് മാത്യു (ഷാജി ), ജെസി ഷാജി, ചിന്നമ്മ ജോസഫ് , എൽസിക്കുട്ടി മത്തായി, ജിയോ ജോർജ് ജോസഫ് , ലീലാമ്മ ജോർജ് , ജോസഫ് ചാക്കോ , ചിന്നമ്മ ചാക്കോ , ലൂസി ജോസഫ് , ജാനറ്റ് ആഗ്നസ് ബിജു, ജോസഫ് മാത്യു മൈലാടിയിൽ , റോസമ്മ ചെറിയാൻ, നെൽസൺ പെരേര, ഫ്രാങ്ക്ളിൻ പെരേര , അന്നമ്മ ജോസഫ് , ബാബു ചെറിയാൻ . സിസി ബാബു , കേണൽ സാമുവൽ തവമണി പ്രസൻരാജ്, അനീഷ് രാജപ്പൻ പുളിന്താനം. ഗ്രൂപ്പ് ഏകീകരണം – ഡോ. ലിസ ജെയിംസ് മാത്യു .                                                             ഈ യാത്രാവിവരണം വായിച്ച് അബ്രഹാമച്ചന്റെ സംഘത്തിനൊപ്പം തീർത്ഥയാത്ര നടത്താൻ പലരും താത്പര്യം അറിയിച്ചു. അവർക്കുവേണ്ടി സംഘാടകരുടെ നമ്പർ കുറിയ്ക്കുന്നു. 1) ഫാ. അബ്രഹാം കടിയക്കുഴി – 94478 67858, ഡോ. ജെയിംസ് മാത്യു – 0495 2374552, ഡോ. ലിസ ജെയിംസ് – 94976 51370.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close