ദുബൈ : യുഎഇയിലെ ശൈത്യകാലം ഈ വർഷം ഡിസംബർ 22 ന് തുടങ്ങുമെന്ന് കാലാവസ്ഥാ പ്രവചനം. ഡിസംബർ 22 ന് പ്രാദേശിക സമയം പുലർച്ചെ 1:48 ന് ആരംഭിച്ച് മാർച്ച് 20 വരെ ശൈത്യകാലം തുടരും. സൂര്യരശ്മികൾ ലംബമായിരിക്കുമ്പോഴാണ് ശൈത്യകാലം ആരംഭിക്കുക. എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഇതോടെ തീരപ്രദേശങ്ങളിൽ കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസിൽ താഴെയും മരുഭൂമിയിലും പർവതപ്രദേശങ്ങളിലും 10 ഡിഗ്രി സെൽഷ്യസിലും താഴെയുമാകും. ശക്തമായ വടക്കൻ കാറ്റും നാഷി കാറ്റും ജനുവരി ആദ്യം മുതൽ ഫെബ്രുവരി അവസാനം വരെ വീശുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഈ സമയത്ത്, കടൽ അസ്ഥിരമാകാനും വിവിധ സമയങ്ങളിൽ ശാന്തവും പ്രക്ഷുബ്ധവും ആയി മാറി മാറി സ്വഭാവം കാണിക്കാനും സാധ്യതയുണ്ട്. ശരാശരി 80 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വർഷത്തിലെ മൊത്തം മഴയെക്കാൾ 75% കൂടുതലായിരിക്കും. ഈ കാലയളവിൽ മലഞ്ചെരുവുകളിൽ വിവിധ ഔഷധസസ്യങ്ങളും ട്രഫിളുകളും വളരാൻ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ഓറിയോൺ, ജെമിനി, ടോറസ് എന്നിവയുൾപ്പെടെ വിവിധ നക്ഷത്രസമൂഹങ്ങൾ ആകാശത്ത് ദൃശ്യമാകും. ശൈത്യകാലത്തിന്റെ തുടക്കത്തിൽ, താപനില ശരാശരി 12 ഡിഗ്രിയും പരമാവധി 25 ഡിഗ്രിയും ഉയരും. ഫെബ്രുവരി പകുതിയോടെ, താപനില ശരാശരി 15 ഡിഗ്രിയും 28 ഡിഗ്രിയും ഉയരും. സീസണിന്റെ അവസാനത്തോടെ താപനില വീണ്ടും ഉയരുകയും 32 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും എന്നാണ് നിലവിൽ കാലാവസ്ഥ വിദഗ്ധർ കണക്കുകൂട്ടുന്നത്.