കോഴിക്കോട് :
കേരള സ്കൂൾ കലോത്സവം: പ്രധാന വേദി ഉണർന്നത് സംഗീത- നൃത്ത വിരുന്നോടെ
അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം. മുഴുവൻ വേദികളിലും പ്രതിഭകൾ നിറഞ്ഞാടി. കണ്ണും മനസും നിറയ്ക്കുന്ന സ്വാഗത ഗാന -നൃത്തത്തോടെയാണ് പ്രധാനവേദിയും സദസ്സും ഉണർന്നത്. മനോഹരമായ ഗാനവും നൃത്തവിരുന്നും ഉദ്ഘാടന വേദിക്ക് മാറ്റ് കൂട്ടി. പി.കെ. ഗോപിയാണ് സ്വാഗത ഗാനം രചിച്ചത്. സംഗീത സംവിധാനം കെ. സുരേന്ദ്രൻ മാസ്റ്ററും നൃത്ത സംവിധാനം ഡോ. ലജനയുമാണ് നിർവഹിച്ചത്.കനകദാസ് പേരാമ്പ്ര സംവിധാനം നിർവഹിച്ച പരിപാടി മലയാളം തിയേറ്ററിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്ട്സ് ആയ മാതാ പേരാമ്പ്രയാണ് വേദിയിൽ അവതരിപ്പിച്ചത്.
ക്യാപ്റ്റൻ വിക്രമിന് അഭിവാദ്യമർപ്പിച്ചാണ് നൃത്തം തുടങ്ങിയത്. കോഴിക്കോടിന്റെ നന്മ, അതിഥികളെ സ്വീകരിക്കുന്ന കോഴിക്കോടിന്റെ നല്ല മനസ്, നൃത്തവും സംഗീതവും സാഹിത്യവും തമ്മിൽ കോഴിക്കോടിനുള്ള ബന്ധം, കോഴിക്കോടിന്റെ മതേതര കാഴ്ചപ്പാട് എന്നിവ ഉൾക്കൊള്ളിച്ചാണ് പി.കെ. ഗോപി ഈ കവിതയെഴുതിയത്.
പഥം നിറഞ്ഞ്, കളം നിറഞ്ഞ് നടനമാട്
കഥ പറഞ്ഞ്, ശ്രുതി പകർന്ന് കവിത പാട് ഇങ്ങനെയാണ് കവിത ആരംഭിക്കുന്നത്.
12 നർത്തകിമാരും 18 നടീനടന്മാരും അടക്കം 30 പേരാണ് ദൃശ്യാവിഷ്കാരത്തിൽ ഉണ്ടായിരുന്നത്. ഇതാദ്യമായാണ് കേരള കലോത്സവത്തിൽ പൊതുവിദ്യാലയങ്ങളിലെ 61 കുട്ടികളെക്കൊണ്ട് സ്വാഗതഗാനം പാടിച്ചത്.