INDIAKERALAlocaltop news

ഷാർജ – കോഴിക്കോട് എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ഷാർജ: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. 174 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യയുടെ AI-998 വിമാനമാണ് ഒരു മണിക്കൂർ പറന്നതിന് ശേഷം തിരിച്ചിറക്കിയത്. സാങ്കേതിക തകരാർ ഉള്ളതിനാൽ വിമാനം തിരിച്ചിറക്കുന്ന വിവരം വിമാനം തിരിച്ചറിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് പൈലറ്റ് യാത്രക്കാരെ അറിയിച്ചത്. തുടർന്ന് യാത്രക്കാരെ വിമാനത്താവള ടെർമിനിലേക്ക് മാറ്റി. ഇന്നലെ രാത്രി 11.45നാണ് ഷാർജയിൽ നിന്നും വിമാനം പറന്നുയർന്നത്. വിമാനയാത്ര പുറപ്പെടുമ്പോൾ തന്നെ അസാധാരണ ശബ്ദം അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. ഗർഭിണികളും കുഞ്ഞുങ്ങളും പ്രായമായവരും ബന്ധുക്കൾ മരിച്ചിട്ട് പോകുന്നവരുമടക്കം നിരവധി പേർ ഇതോടെ കുടുങ്ങി. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ഒരു മൃതദേഹവും അവരുടെ ബന്ധുക്കളും വിമാനത്തിലുണ്ട്. മൃതദേഹം മറ്റു വിമാനത്തിൽ കയറ്റി വിടാൻ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. നേരം പുലരുംവരെ യാത്രക്കാർക്ക് ഭക്ഷണം നൽകാൻ പോലും എയർ ഇന്ത്യ അധികൃതർ തയാറായിട്ടില്ല. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ അടുത്ത ഹോട്ടലുകളിൽ ഒഴിവില്ലെന്ന മറുപടിയാണ് അധികൃതരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായതെന്നാണ് യാത്രക്കാരുടെ ആരോപണം. അതേസമയം, കോഴിക്കോട് വിമാനത്താവളത്തിൽ റൺവേയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ റൺവേ അടച്ചിടുന്നതിനാൽ ശനിയാഴ്ച ഉച്ചക്ക് ശേഷം മാത്രമേ ഇനി ബദൽ മാർഗം കാണാൻ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിൽ 12 മണിക്കൂറിലധികം എയർപോർട്ടിൽ ഇരിക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. തകരാർ പരിഹരിച്ചതിനു ശേഷം മാത്രമേ വിമാനം പുറപ്പെടുക എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നത്. അതിനാൽ തന്നെ യാത്ര എപ്പോൾ പുറപ്പെടുമെന്ന് തീർത്തു പറയാൻ പറ്റാത്ത അവസ്ഥയാണ്. അതോടൊപ്പം തന്നെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ മുഴുവൻ തുകയും തിരികെ നൽകാമെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിക്കുന്നുണ്ട്. എന്നാൽ, ഈ ദിവസം കോഴിക്കോട്ടേക്ക് ടിക്കറ്റ് കിട്ടാൻ വളരെ പ്രയാസമാണ്, കിട്ടിയാൽ തന്നെ ഉയർന്ന വിമാന നിരക്കും നൽകേണ്ടി വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close