കോഴിക്കോട്: മികച്ച പരസ്യചിത്രത്തിനുള്ള മീഡിയാവൺ അക്കാഡമിയുടെ രണ്ടു പുരസ്കാരങ്ങൾ മാധ്യമപ്രവർത്തകനും ഡോക്യുമെന്‍ററി സംവിധായകനുമായ എസ്.എൻ. രജീഷിന്. സ്തനാർബുദ പ്രതിരോധം മുൻനിർത്തിയുള്ള “ദ സർവൈവൽ” എന്ന ചിത്രത്തിനും കാൻസർ ബാധിതരായ കുട്ടികളുടെ കൈത്താങ്ങായ ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷനു വേണ്ടി ചെയ്ത “ബാഗ് ഓഫ് ജോയ്” എന്ന ചിത്രത്തിനുമാണ് പുരസ്കാരങ്ങൾ. ക്രിയേറ്റിവ് ആഡ് ഫിലിംസ് വിഭാഗത്തിലാണ് രണ്ടു പുരസ്കാരങ്ങളും. പരസ്യത്തിനപ്പുറം സാമൂഹിക പ്രതിബദ്ധതിയിലൂന്നിയ ചിത്രങ്ങളെന്നും അവാർഡ് നിർണയത്തിൽ വിലയിരുത്തപ്പെട്ടു.
നടി ഭാവന അഭിനയിച്ച “ദ സർവൈവൽ” എന്ന ചിത്രം പുറത്തിറങ്ങും മുൻപ് ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് അമ്പതുലക്ഷത്തിലേറെ വ്യൂ ലഭിക്കുകയുണ്ടായി. ഇടവേളയ്ക്കുശേഷം നടി ഭാവനയുടെ അഭിനയലോകത്തേക്കുള്ള തിരിച്ചുവരവ് എന്ന നിലയ്ക്കും ചിത്രം ശ്രദ്ധിക്കപ്പെട്ടു.
അർബുദബാധിതരായ കുഞ്ഞുങ്ങൾക്കായി ഒരുക്കിയിട്ടുള്ള കാരുണ്യലോകത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ചിത്രമെന്നാണ് “ബാഗ് ഓഫ് ജോയ് ” വിലയിരുത്തപ്പെട്ടത്. സാങ്കേതികത്തികവും കലാമേന്മയും ചിത്രത്തെ വേറിട്ട അനുഭവമാക്കി.
മീഡിയ വൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.