KERALAlocaltop news

അധോലോക – പോലീസ് കൂട്ടുകെട്ട് : ബേപ്പൂർ സ്റ്റേഷനിലെ എസ് ഐക്കെതിരെ തെളിവുകൾ പുറത്ത്

* മുഖ്യമന്ത്രിയെ " വെല്ലുവിളിച്ച് " അസോസിയേഷൻ ഭാരവാഹി

കോഴിക്കോട് : അധോലോക – ഗുണ്ടാ സംഘങ്ങളുമായി കൈകോർക്കുന്ന ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പ്രഖ്യാപിച്ച് വരവെ, മണൽ മാഫിയ സംഘത്തലവന് ഒത്താശ ചെയ്യുകയും അറസ്റ്റ് വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത കോഴിക്കോട് ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ യുടെ അധോലോക ബന്ധങ്ങൾ പുറത്തായി . കേരള പോലിസ് ഓഫീസേഴ്സ് അസോസിയേഷന്റ ഭാരവാഹിയും, സ്‌റ്റേഷനിലെ പി ആർ ഒ യുമായ എസ് ഐയും മണൽ മാഫിയ തലവനും തമ്മിൽ നടന്ന ഫോൺ വിളി – വാട്സ് ആപ് ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നത്. ബേപ്പൂർ മുൻ ഇൻസ്പെക്ടർ വി.സിജിത്തിനെ വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റാൻ കാരണമായതായി പറയുന്ന ആരോപണത്തിന് പിന്നിലും ഈ എസ് ഐ യുടെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കിഴക്കുംപാടം സ്വദേശി എട്ടിയാടത്ത് ഹൗസിൽ എ. ഷജിത്തിനെ (42) ഇൻസ്പെക്ടർ വി. സിജിത്ത് അറസ്റ്റ് ചെയ്തിരുന്നു. ബേപ്പൂർ , പന്നിയങ്കര, നല്ലളം, കസബ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 451,341,323,354,308,427 വകുപ്പുകൾ പ്രകാരം നിരവധി കേസുകൾ നിലവിലുണ്ട്. ഇത്തരമൊരാളുമായി സ്റ്റേഷന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ പി.ആർ ഒ വഴിവിട്ട ബന്ധം പുലർത്തി വന്നതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത് . ഇക്കാര്യങ്ങളും , കോഴിക്കോട് ടൗൺ സ്റ്റേഷനിൽ കുപ്രസിദ്ധ പ്രതിക്ക് വേണ്ടി ഹാജരായി കസ്റ്റഡിയിലുള്ള പ്രതിയുടെ വാഹനം കച്ചീട്ടിൽ കൈപ്പറ്റിയതുമടക്കം വിവരങ്ങൾ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് എസ് ഐ മാഫിയ ബന്ധം തുടരുകയാണെന്ന് അറിയുന്നു. ബേപ്പൂർ ഇൻസ്പെക്ടറയായിരുന്ന വി.സിജിത്ത് അറസ്റ്റ് ചെയ്ത ഷജിത്തും , പോലീസ് പി.ആർ ഒ യും തമ്മിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കോടതിയുടെ വാറണ്ട് പ്രകാരം ഷജിത്തിനെ അറസ്റ്റ് ചെയ്യാൻ ഇൻസ്പെക്ടർ തീരുമാനിച്ചതടക്കം വിവരങ്ങൾ എസ് ഐ പ്രതിക്ക് ചോർത്തി നൽകി. വാറണ്ട് കേസിൽ പേടിക്കേണ്ടതില്ല ( Dont worry ) എന്ന എസ് ഐയുടെ വാട്സ് ആപ് മറുപടിയുടെ രേഖകളും പുറത്തുവന്നതോടെ സംഭവം പോലീസിൽ വൻ വിവാദമായിരിക്കയാണ്. ഇൻസ്പെക്ടർ വി.സിജിത്ത് വൈകാതെ ഡിവൈഎസ്പി ആകുമെന്ന് അങ്ങനെ വന്നാൽ തനിക്ക് പ്രശ്നമാകുമെന്നും, അത് തടയാൻ കെണിയൊരുക്കണമെന്നും ഒരു അഭിഭാഷകനോട് പ്രതി ഷജിത്ത് സംസാരിച്ചതിന്റെ ഫോൺ രേഖകളും ഇന്റലിജൻസ് ശേഖരിച്ചതായി അറിയുന്നു. തോളിൽ ഇരുന്ന് ചെവി കടിയ്ക്കുന്നു എന്ന പഴമൊഴി അന്വർത്ഥമാക്കും വിധം സ്റ്റേഷന്റെ പി ആർ ഒ തസ്തികയിലിരുന്ന് ഗുണ്ടാ സംഘവുമായി ചേർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ പടയൊരുക്കം നടത്തിയ ഗ്രേഡ് എസ് ഐക്കെതിരെ വിവിധ തെളിവുകൾ മുഖ്യമന്ത്രിക്ക് ലഭിച്ചതായി സൂചനയുണ്ട് . ഈ വിവരങ്ങൾ കോഴിക്കോടിന്റെ ചുമതലയുള്ള മന്ത്രി പി.എ .മുഹമ്മദ് റിയാസിനെയും അറിയിച്ചതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close