കോഴിക്കോട് : മോഷ്ടിക്കുന്ന വാഹനങ്ങള്‍ നിമിഷ നേരത്തിനുള്ളില്‍ പൊളിച്ച് പാട്‌സുകളാക്കി മാറ്റുന്ന കുപ്രസിദ്ധ വാഹന മോഷണ സംഘം പിടിയില്‍. വെള്ളയില്‍ ജോസഫ് റോഡിലെ കളിയാട്ട് പറമ്പ് കെ.പി. ഇക്ബാല്‍ (54), ചെങ്ങോട്ട്കാവ് ,
പാവര്‍ വയലില്‍ കെ.വി. യൂനസ് (38) ചെങ്കോട്ട് കാവ് കൊടക്കാടന്‍ കുനിയില്‍ കെ.കെ. മണി (42) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 11 ന് സരോവരം ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ഓട്ടോ മോഷണം പോയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്യത്തില്‍ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പിന്നീട് കോഴിക്കോട് നഗരത്തില്‍ വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്ന പൊളി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികള്‍ വലയിലായത്.
യൂനസും മണിയും ചേര്‍ന്നാണ് ഓട്ടോ മോഷ്ടിച്ചത്. മോഷ്ടിച്ച ഓട്ടോ ഇക്ബാലിന്റെ അടുത്താണ് പൊളിക്കാനായി എത്തിച്ചത്. പ്രതികള്‍ സമാനമായ രീതിയില്‍ നിരവധി മോഷണങ്ങള്‍ നടത്തിയതായാണ് പോലീസിന് ലഭിച്ച സൂചന. ഇക്കാര്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, ബാബു പുതുശ്ശേരി, എന്‍. പവിത്ര കുമാര്‍ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത് , സി. ഹരീഷ് കുമാര്‍ , ബബിത്ത് കുറി മണ്ണില്‍, വി.സന്ദീപ് ,ഷിജിത്ത് നായര്‍ കുഴി, കെ.ടി. വന്ദന എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. യൂനസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതിയാണ്.
എന്‍ജിനില്‍ ‘മറിമായം’ ;
കഥയറിയാതെ കസ്റ്റമര്‍
മോഷ്ടക്കളേക്കാള്‍ ലാഭം വില്‍പ്പനക്കാരന്
മോഷ്ടിക്കുന്ന വാഹനങ്ങളിലെ എന്‍ജിന്‍ നമ്പര്‍ മാറ്റി ആവശ്യമുള്ള നമ്പര്‍ അടിച്ചുകൊടുക്കാനും പൊളി മാര്‍ക്കറ്റിലെ ചിലര്‍ തയാറാണെന്നാണ് പോലീസ് പറയുന്നത്. വാഹനങ്ങളുടെ പാട്‌സുകള്‍ വാങ്ങാനെത്തുന്നവര്‍ പലരും ഇവ മോഷ്ടിച്ചതാണോയെന്ന് അറിയുകയില്ല. കേസുകളുടെ ഭാഗമായി മോഷണവസ്തു വാങ്ങയവരെ പോലീസ് തേടിയെത്തുമ്പോഴാണ്
തൊണ്ടിമുതലാണ് സ്വന്തം വാഹനത്തില്‍ ഉപയോഗിച്ചതെന്ന് അറിയുന്നത്. അതേസമയം മോഷണം നടത്തുന്നവര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ പണമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതില്‍ കൂടുതല്‍ തുക മോഷ്ടിച്ച വാഹനങ്ങളുടെ പാട്‌സുകള്‍ വില്‍ക്കുന്നത് വഴി കച്ചവടക്കാരന് ലഭിക്കുന്നുണ്ട്. എന്‍ജിന്‍ ഇനത്തില്‍ മാത്രം മോഷ്ടാക്കള്‍ക്ക് നല്‍കിയ തുക കച്ചവടക്കാര്‍ തിരിച്ചുപിടിക്കുന്നുണ്ട്. കൂടുതല്‍ ആവശ്യക്കാരുള്ള പാട്‌സുകള്‍ ഏതാണെന്ന് നോക്കി മോഷണം നടത്തുന്ന രീതിയെ കുറിച്ചും പോലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.