കോഴിക്കോട് : സങ്കുചിത സ്വാർത്ഥ ചിന്ത പുലർത്തുന്നവർ ഭൂമിക്ക് ഭാരമാണെന്ന് സംബോധ് ഫൗണ്ടേഷൻ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ അഭിപ്രായപ്പെട്ടു. ഉള്ളിൽ അസൂയയും അസഹിഷ്ണുതയും കൊണ്ടു നടക്കുന്നവർ കംസപക്ഷത്താണ്.
ഭൂഭാരം തീർക്കാൻ അവതരിച്ച കൃഷ്ണൻ ശോഭന ജീവിത മൂല്യങ്ങൾ ഉപദേശിക്കുന്നു. പരജനസ്നേഹം പുലർത്തി വിശ്വസൗഖ്യത്തിന് പ്രവർത്തിക്കുന്നവർ ശ്രീകൃഷ്ണപക്ഷത്ത് വർത്തിക്കുന്നു.
ശ്രീകൃഷ്ണാവഗണന ഇരിക്കും കൊമ്പു മുറിക്കുന്ന ദ്രോഹമാണ്.
പകരം ഭാരതീയർ ശ്രീകൃഷ്ണാവബോധത്തിലേക്കു് വൈചാരിക വേരുകൾ യഥാശക്തി ആഴത്തിലിറക്കാൻ ഉദ്യമിക്കണം. പാറോപ്പടി ബോധാനന്ദാശ്രമത്തിൽ നാലു ദിവസമായി നടന്നു വരുന്ന ഭാഗവത സപ്താഹത്തിൽ കൃഷ്ണാവതാരം കഥാകഥനം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാളെ രുക്മിണീ സ്വയംവരം കഥ അവതരിപ്പിക്കും. സപ്താഹം 14 ന് സമാപിക്കും