കോഴിക്കോട് :
കേരള പോലീസ് വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് മൊബൈൽ ആപ്ലിക്കേഷനായ iCops ൽ ആർട്ടിഫിഷ്യൽ ഇന്റലിജിന്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള FRS (Face Recognition System) സംവിധാനം ആരംഭിച്ചു.
iCops ക്രിമിനൽ ഗാലറിയിൽ സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി A I Image search സംവിധാനം ഉപയോഗിച്ച് സംശയിക്കുന്ന അല്ലെങ്കിൽ പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണ് പ്രതികളെ തിരിച്ചറിയുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച്പോലും ഫോട്ടോ എടുത്ത് നിമിഷനേരംകൊണ്ട് ഗാലറിയിലെ ചിത്രങ്ങളുമായി ഒത്തുനോക്കാനും ആൾമാറാട്ടം നടത്തി മുങ്ങി നടക്കുന്നവരെ തിരിച്ചറിയാനും FRS സംവിധാനത്തിന്റെ സഹായത്തോടെ സാധിക്കും. ഈ സോഫ്റ്റ്വെയർ പൂർണമായും തയ്യാറാക്കിയിരിക്കുന്നത് CCTNS ഡിവിഷനിലെ സാങ്കേതിക വിദഗ്ദരായ പോലീസ് ഉദ്യോഗസ്ഥരാണ്
തൃശൂർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലെ മുള്ളൂർക്കര സെന്റ് ആന്റണീസ് പള്ളിയുടെ ഭണ്ഡാര മോഷണശ്രമത്തിനിടെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ വടക്കാഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പിടികൂടിയ ആൾ പൊലീസിന് മുന്നിൽ വളരെ സാധുവായാണ് പെരുമാറിയത്. സംശയം തോന്നിയ പോലീസ് FRS (Face Recognition System) ലെ ക്രിമിനൽ ഗാലറി ഉപയോഗിച്ച് ഇയാളുടെ ഫോട്ടോ സെർച്ച് ചെയ്തപ്പോൾ കിട്ടിയത് അമ്പരപ്പിക്കുന്ന വിവരങ്ങളായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ കാദർ ബാഷ @ ഷാനവാസിനെയാണ് പിടിയിലായിരിക്കുന്നതെന്ന് വടക്കാഞ്ചേരി പോലീസിന് മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്നും, പല കോടതികളിൽ പിടികിട്ടാപുള്ളിയായി LP വാറണ്ടുകൾ ഇയാൾക്കെതിരെ നിലവിലുള്ളതായും അറിയാന് കഴിഞ്ഞു. ഇതേ സംവിധാനം ഉപയോഗിച്ച് വടക്കാഞ്ചേരി സ്റ്റേഷന് പരിധിയിലെ തന്നെ ഒരു അഞ്ജാത മൃതശരീരത്തെയും തിരിച്ചറിയാന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കാണാതാകുന്നവരെ സംബന്ധിച്ച വിവരങ്ങളും ഫോട്ടോയും FRS ഉപയോഗിച്ച് പരിശോധിക്കാന് സാധിക്കും.