KERALAlocaltop news

കുറ്റിച്ചിറയുടെ മനം കവർന്ന് ജപ്പാൻ സ്വദേശികൾ

 

കോഴിക്കോട്: എൺപതോളം അംഗങ്ങൾ ഒരുമിച്ചു ജീവിച്ച കുറ്റിച്ചിറയിലെ കൂട്ടുകുടുംബ തറവാട് കണ്ട ജപ്പാൻകാരി അരിമ കൊസുവെ അത്ഭുതം അടക്കാനാവാതെ പറഞ്ഞു, “കോ യു സേയ്കാത്സു ഒ ഷിതായി” എന്തുരസമായിരിക്കും ഇവിടത്തെ ജീവിതം എന്നാണ് അരിമ പറഞ്ഞ ജാപ്പനീസ് വരിയുടെ അർഥം. കൂടെയുണ്ടായിരുന്ന യെമനക ടെസായിയും തലകുലുക്കി പിന്തുണച്ചു. കേരളത്തിലെ ഏറ്റവും വലിയ കൂട്ടുകുടുംബ തറവാടുകളിലൊന്നായ കുറ്റിച്ചിറ പഴയതോപ്പ് വീട്ടിലെത്തിയതായിരുന്നു ഇരുവരും. അതിഥികളെ സുലൈമാനി നൽകി സ്വീകരിച്ച കുടുംബാംഗങ്ങൾ വീടു മുഴുവനും ചുറ്റിക്കാണിച്ചശേഷം കുടുംബചരിത്രം വിവരിച്ചു. 140 വർഷത്തിന്‍റെ പാരമ്പര്യമുള്ള കുടുംബവിശേഷങ്ങൾ അരിമയും യെമനകയും കൗതുകത്തോടെ കേട്ടു.

ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയും എഫേർട്ട് കോഴിക്കോടും ചേർന്നു സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിന്‍റെ ഭാഗമായാണ് ജപ്പാൻ സ്വദേശികൾ പഴയതോപ്പിലെത്തിയത്. ജാപ്പനീസ് വിഭവങ്ങളായ ഡാംഗോയും സൊമെനും അരിമ പാചകം ചെയ്തു കാണിച്ചു. പകരം കുറ്റിച്ചിറയുടെ പ്രിയ വിഭവങ്ങളായ മുട്ടമാല, ചട്ടിപ്പത്തിരി, കല്ലുമക്കായ നിറച്ചത് തുടങ്ങിയവയുടെ പാചകരീതി വീട്ടുകാരും പങ്കുവച്ചു. പലഹാരങ്ങൾ ഓരോന്നായി രുചിച്ചു നോക്കിയശേഷം അരിമയും യെമനകയും അഭിനന്ദനമറിയിച്ചു.

ജാപ്പനീസ് കാഞ്ചി ലിപി പരിചയപ്പെടുത്തൽ, ജാപ്പനീസ് ചിത്രരചന രീതികൾ, ചോപ്പ്സ്റ്റിക്ക് പരിശീലനം, ഒറിഗാമി, ജാപ്പനീസ് കരോക്കെ തുടങ്ങിയവയും അരങ്ങേറി. കാലിക്കറ്റ് കലാലയയുടെ നേതൃത്വത്തിൽ ഒപ്പനയും മൈലാഞ്ചിയിടലും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close