KERALAlocaltop news

മാനവ സൗഹാര്‍ദത്തിന്റെ സന്ദേശമേകി ലുലു മസ്ജിദില്‍ സൗഹൃദം സംഗമം

കോഴിക്കോട് മാവൂര്‍ റോഡിലെ ലുലു മസ്ജിദിലെ ഇന്നലത്തെ ജുമുഅ നമസ്‌കാരം ഏറെ വ്യത്യസ്ഥമായിരുന്നു. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് പതിവായി എത്തുന്ന വിശ്വാസികള്‍ക്കൊപ്പം ചില വിശിഷ്ട അതിഥികള്‍ കൂടിയുണ്ടായിരുന്നു . കോഴിക്കോട് എം പി എംകെ രാഘവന്‍, നടക്കാവ് സെന്റ് മേരീസ് ഇംഗ്ലീഷ് ചര്‍ച്ച് വികാരി ഫാദര്‍കെ.പി എബിന്‍, മാധ്യമപ്രവര്‍ത്തകരായ എ.സജീവന്‍, അഭിലാഷ് മോഹനന്‍, തുടങ്ങിയവരാണ് ജുമുഅ പ്രഭാഷണവും നമസ്‌കാരം വീക്ഷിച്ച് പള്ളിക്കകത്ത് ഇരിപ്പുറപ്പിച്ചത്. സൗഹൃദം, ആദരം എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിനെത്തിയവരായിരുന്നു ഇവരെല്ലാം. ജുമുഅ ഖുതുബക്കും നമസ്‌ക്കാരത്തിനും ഒന്നിച്ചിരുന്ന ശേഷം സൗഹൃദം പങ്കിട്ടുള്ള സന്ദേശം നല്‍കിയാണ് മത,രാഷ്ടീയ, സാംസ്‌ക്കാരിക നേതാക്കളടക്കമുള്ളവര്‍ പിരിഞ്ഞത്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. സ്വന്തം വിശ്വാസങ്ങളെ മുറുകെപിടിക്കുമ്പോഴും മറ്റു മതങ്ങളെ ബഹുമാനിക്കാനും ആദരിക്കാനും എല്ലാവര്‍ക്കും കഴിയണമെന്ന് പി മുജീബ് റഹ്മാന്‍ പറഞ്ഞു. നല്ല വിശ്വാസിക്ക് മാത്രമേ നല്ല മതേതരവാദിയാവാന്‍ കഴിയുവെന്ന് സ്നേഹസംഗമത്തില്‍ എം.കെ.രാഘവന്‍ എം.പി.പറഞ്ഞു.
എല്ലാവരെയും ഒന്നിച്ച് കാണാനാവുന്ന നന്‍മയാണ് ആവശ്യമെന്നും മതമൈത്രി ഊട്ടിയുറപ്പിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബദ്ധവാക്കുകള്‍ ഉപേക്ഷിച്ച് സ്നേഹത്തിന്റെ സ്വരങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറണമെന്ന് നടക്കാവ് സെന്റ് മേരീസ് ഇംഗ്ലീഷ് ചര്‍ച്ച് വികാരി ഫാ. കെ.പി.എബിന്‍ പറഞ്ഞു. മനുഷ്യനെ മനുഷ്യനായി കാണുേമ്പാള്‍ മാത്രമേ ദൈവരാജ്യം പൂര്‍ണ്ണമാവുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരായ
എ.സജീവന്‍, അഭിലാഷ് മോഹന്‍, പി.ടി.നാസര്‍,വ്‌ലോഗര്‍ ജോഷി സേവ്യര്‍, ടി.കെ.മാധവൻ, എം.പി.വേലായുധന്‍, എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി സ്വാഗതവും ലുലു പള്ളി കമ്മറ്റി സെക്രട്ടറി പി.എന്‍.അലി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close