KERALAlocaltop news

മാവോയിസ്റ്റ് ചരമ വാര്‍ഷികം : മൂന്ന് പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ഠ സായുധ കമാന്‍ഡോ സംഘത്തെ വിന്യസിപ്പിച്ചു

 

കെ.ഷിന്റുലാല്‍

കോഴിക്കോട് : സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് . വയനാട് ജില്ലയിലെ തൊണ്ടര്‍നാട്, തലപ്പുഴ, തിരുനെല്ലി സ്റ്റേഷനുകളാണ് മാവോയിസ്റ്റുകള്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കി കേന്ദ്രരഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘത്തെ സ്റ്റേഷനുകളില്‍ വിന്യസിപ്പിച്ചു. നേരത്തെ തന്നെ പരിശീലനം ലഭിച്ച സായുധ സേനാ വിഭാഗത്തെ ഈ സ്റ്റേഷനുകളില്‍ വിന്യസിപ്പിച്ചിരുന്നു. ഇതു കൂടാതെയാണ് കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളെ അയച്ചത്.

സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാവുന്ന തിരിച്ചടിയ്ക്ക് പ്രതികാരം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പിടിയിലായ മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് വ്യക്തമായിരുന്നു. എട്ട് പേരാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചത്. ഇതിന് പുറമേ ബി.ജി. കൃഷ്ണമൂര്‍ത്തി ഉള്‍പ്പെടെയുള്ള നേതാക്കളെ പിടികൂടുകയും ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. നിലവില്‍ പ്രതിസന്ധിയിലായ മാവോയിസ്റ്റുകള്‍, തിരിച്ചടിയിലൂടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാവുമെന്നാണ് കരുതുന്നത്. സംഘടനയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനുള്ള ഏകമാര്‍ഗം പോലീസിന് നേരെയുള്ള തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് മൂന്ന് സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. വയനാട്ടിലെ മറ്റു പോലീസ് സ്‌റ്റേഷനുകളിലും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

നിലമ്പൂരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച കുപ്പുദേവരാജന്റേയും അജിതയുടേയും ചരമവാര്‍ഷിക ദിനമാണ് നവംബര്‍ 24. ഇതിന് മുന്നോടിയായി പോലീസിന് നേരെ തിരിച്ചടിക്കാനാണ് മാവോയിസ്റ്റുകളുടെ പദ്ധതിയെന്നാണ് വിലയിരുത്തല്‍. നിലവില്‍ തിരുനെല്ലി പോലീസ് എയ്ഡ് പോസ്റ്റ് രാത്രി അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ എയ്ഡ് പോസ്റ്റ് അടച്ചിടാനാണ് വയനാട് ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചത്. അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റ് സംഘം തിരുനെല്ലി, കമ്പമല ഭാഗത്തേക്ക് കടന്നതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close