KERALAlocaltop news

പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ശക്തിപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

 

കോഴിക്കോട് :

പൊതുമരാമത്തു വകുപ്പിൽ ക്രമക്കേടുകൾ കണ്ടെത്താൻ രൂപീകരിച്ച വിജിലൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിജിലൻസ് പ്രത്യേക സംഘത്തിന്റെ അവലോകനയോഗത്തിനു ശേഷം കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകായായിരുന്നു മന്ത്രി. ഒരു ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നാല് എക്സിക്യൂട്ടീവ് എൻജിനീയർമാർ ഉൾപ്പെടുന്നതാണ് വിജിലൻസ് വിഭാഗം. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിൽ വിജിലൻസിന് കൂടുതൽ ഉദ്യോഗസ്ഥരെ നൽകാൻ തീരുമാനിച്ചു. മികച്ച സാങ്കേതിക വിദ്യയും വാഹനങ്ങളും നൽകാനും തീരുമാനമായി.

വിജിലൻസിന്റെ ഭാഗമായി ഇപ്പോൾ പ്രവർത്തിക്കുന്ന ക്വാളിറ്റി കൺട്രോൾ ഓഫീസുകളെക്കൂടി ശക്തിപ്പെടുത്തും. പ്രവൃത്തികളുടെ ഗുണനിലവാരം നേരിട്ട് പണികൾ നടക്കുന്ന സ്ഥലത്തെത്തി പരിശോധിക്കുന്ന ഓട്ടോമാറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറികൾ സജ്ജമാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയനുകളിലാണ് ഇത് നടപ്പാക്കുക. ഇതിനായി മൂന്നു ഓട്ടോ ടെസ്റ്റിംഗ് മൊബൈൽ ലാബും അനുബന്ധ ഉപകരണങ്ങളും വാങ്ങും. കൂടാതെ മൊബൈൽ ലാബിൽ നടത്തുന്ന പരിശോധനകൾ നേരിട്ട് ഒരു കേന്ദ്രത്തിൽ കാണാൻ ഉള്ള സൗകര്യം ഒരുക്കും. ഇതോടെ പ്രവൃത്തികളുടെ ഗുണനിലവാരം അതാത് സ്ഥലത്തുവച്ചുതന്നെ പരിശോധിക്കാൻ കഴിയും.

പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡുകളിൽ തന്നെയാണോ പ്രവൃത്തി നടക്കുന്നത്, തദ്ദേശ വകുപ്പിന്റെ കീഴിൽ ഉള്ളവയാണെങ്കിൽ അവ പൊതുമരാമത്തിനു കൈമാറിയിട്ടുണ്ടോ, കേടുപാടുകൾ ഇല്ലാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നുണ്ടോ, കുഴികൾ അടയ്ക്കുന്നതിന് പകരം റോഡ് ആകെ ടാർ ചെയ്യുന്നുണ്ടോ, അളവിൽ കൃത്യതയുണ്ടോ, പരിപാലന കാലാവധി അവസാനിച്ച ശേഷമാണോ പണി നടത്തുന്നത്, അതിന്റെ ആവശ്യമുണ്ടോ, ഗുണനിലവിവര പരിശോധനാ വിഭാഗം ആവശ്യമായ പരിശോധനകള നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രത്യേക പരിശോധന വിഭാഗം പരിശോധിക്കുക. കണ്ടെത്തലുകളിൽ വസ്തുതയുണ്ടെങ്കിൽ കർശനമായ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

പണി നടക്കുന്നിടത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും

പൊതുമരാമത്തു വകുപ്പിന്റെ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പു വരുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. ഇക്കാര്യം വിജിലൻസിന്റെ പ്രത്യേക പരിശോധന വിഭാഗം കൃത്യമായി പരിശോധിക്കും. ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കും. വകുപ്പിനെ പൂർണമായി അഴിമതി മുക്തമാക്കുകയാണ് ലക്‌ഷ്യം. അത് പെട്ടന്ന് സാധിക്കുന്നതല്ല. എന്നാൽ സ്വിച്ച് ഇട്ടാൽ ബൾബ് കത്തുന്നതുപോലെ പ്രവർത്തന സജ്ജമായി വകുപ്പിനെ മാറ്റും. അതിനു നിരന്തരമായി സ്വിച്ച് അമർത്തുകതന്നെ വേണം. അക്കാര്യത്തിൽ സർക്കാരിന് ഒരു കൈ കഴയ്ക്കലും ഉണ്ടാവില്ല. തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരോടും കരാറുകാരോടും സന്ധിയില്ല. നാടിന്റെ ഖജനാവ് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ല. സുതാര്യമാവണം കാര്യങ്ങൾ. ജനം അതാണ് ആഗ്രഹിക്കുന്നത്. നാടിനു അതാണ് ആവശ്യവും. പിഴവുകൾ ചൂണ്ടിക്കാണിക്കുന്നതിൽ ജനങ്ങളും മാധ്യമങ്ങളും നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചെയ്യുന്ന കാര്യങ്ങൾ പൊതുസമൂഹം അറിയേണ്ടതുണ്ടെന്നു മന്ത്രി ചോദ്യത്തിന് അതിനെ പി ആർ വർക്ക് എന്ന് ആക്ഷേപിക്കുന്നത് അഴിമതിക്കെതിരെയുള്ള നടപടികൾ അടക്കം ജനങ്ങൾ അറിയരുത് എന്ന് ആഗ്രഹിക്കുന്നവരാണ്. താൻ അക്കാര്യം ശ്രദ്ധിക്കാറില്ലെന്നും ചെയ്യുന്ന ജോലിയിലാണ് ശ്രദ്ധയെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close