കോഴിക്കോട്: കോഴിക്കോട് മെഡിക്കൽകോളേജിലെ പാത്തോളജി വിഭാഗത്തിലെ കാലതാമസം കാരണം കാൻസർ പരിശോധനാ ഫലം യഥാസമയം ലഭിക്കുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ആശുപത്രി സൂപ്രണ്ടിന് നോട്ടീസയച്ചു.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ നടപടികളിലേയ്ക്ക് പ്രവേശിച്ചത്.
പാത്തോളജി വിഭാഗത്തിൽ നിന്ന് പരിശോധനാഫലം കിട്ടാൻ രണ്ടാഴ്ച കാത്തിരിക്കണമെന്നാണ് രോഗികളുടെ പരാതി. രണ്ടാഴ്ച കഴിഞ്ഞും ആഴ്ചകൾ നീട്ടാറുണ്ട്. ഇത്തരത്തിൽ ഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്നത് പതിവാണ്. കാൻസറാണെന്ന് ഡോക്ടർക്ക് സംശയം തോന്നിയാലും പരിശോധനാഫലം ലഭിക്കാതെ കീമോ ആരംഭിക്കുകയില്ല.
രോഗിയുടെ സങ്കടം കണ്ട് സാംപിൾ തിരികെ വാങ്ങി സ്വകാര്യ ലാബിൽ നൽകി പരിശോധിക്കാൻ ഡോക്ടർക്ക് നിർദ്ദേശിക്കേണ്ടി വരുന്ന സാഹചര്യമാണ് പാത്തോളജി വിഭാഗത്തിലുള്ളതെന്ന് രോഗികൾ പറയുന്നു. സാംപിൾ തിരികെ ചോദിച്ചാൽ കാണാനില്ലെന്നു പറയും. സ്വകാര്യ ലാബിൽ നൽകി പരിശോധനാ ഫലം വരുമ്പോൾ രോഗം മൂർച്ഛിക്കാനും സാധ്യതയുണ്ട്. പരിശോധനകളുടെ എണ്ണം കൂടിയതാണ് പരിശോധനാഫലം വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു.
ഫെബ്രുവരി 20 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.