KERALAlocaltop news

അമ്മയെ ഇറക്കിവിട്ട ശേഷം വീട് ഇടിച്ചു കളഞ്ഞു ; മക്കളും പഞ്ചായത്ത് സെക്രട്ടറിയും നേരിട്ട് ഹാജരാകണം : മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട് : രണ്ടു ആൺമക്കളും മരുമക്കളും ചേർന്ന് അമ്മയെ വീട്ടിൽ നിന്നിറക്കിവിട്ടശേഷം വീട് ഇടിച്ചുകളഞ്ഞ് ലൈഫ് മിഷനിൽ നിന്നും ഫണ്ട് കൈപ്പറ്റി പുതിയ വീട് നിർമ്മിക്കാൻ ആരംഭിച്ച സാഹചര്യത്തിൽ മക്കളും മരുമക്കളും ലൈഫ് ഫണ്ട് അനുവദിച്ച പഞ്ചായത്ത് സെക്രട്ടറിയും കമ്മീഷൻ മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഫെബ്രുവരി 20 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടത്. നരിക്കുനി പാറന്നൂർ സ്വദേശിനി ഭാഗീരഥി സമർപ്പിച്ച പരാതിയിലാണ് നടപടി. മക്കളായ പ്രതീഷ്, മുരുകൻ, മരുമക്കളായ സൗമ്യ, ദീപ പ്രതീഷ് എന്നിവർ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്. മടവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഹാജരാകണം.

തനിക്ക് കൂടി അവകാശപ്പെട്ട വീടും സ്വത്തും പണവും തട്ടിയെടുത്ത ശേഷമാണ് മക്കൾ തന്നെ സംരക്ഷിക്കാത്തതെന്ന് അമ്മ പരാതിയിൽ പറയുന്നു. തനിക്ക് മരണം വരെ വീട്ടിൽ താമസിക്കാൻ അധികാരമുണ്ടായിരിക്കെ 2023 ഡിസംബർ 15 ന് താൻ വീട്ടിലെത്തിയപ്പോൾ വീട് ഇടിച്ചുകളഞ്ഞതായി മനസ്സിലാക്കി. ലൈഫ് പദ്ധതി പ്രകാരം ആദ്യഗഡു സംഖ്യയും ഇവർ കൈപ്പറ്റി. തുടർന്ന് ഫണ്ട് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മാവൂർ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകിയെങ്കിലും അന്വേഷണം നടത്താൻ തയ്യാറായില്ലെന്ന് അമ്മ സമർപ്പിച്ച പരാതിയിൽ പറയുന്നു. പെൺമക്കളുടെ സംരക്ഷണയിലാണ് അമ്മ കഴിയുന്നത്.

അമ്മയ്ക്ക് അവകാശപ്പെട്ട വീട് ഇടിച്ചു കളഞ്ഞ് നിർമ്മിക്കുന്ന പുതിയ വീടിന് ലൈഫ് സഹായം എങ്ങനെയാണ് അനുവദിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close