localtop news

ചാലിയാറിൽ ഉപേക്ഷിച്ച ഉരുക്കൾ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു.

സജി തറയിൽ

കോഴിക്കോട് : രണ്ട് പ്രളയങ്ങളുടെ ദുരിതങ്ങൾ അനുഭവിച്ചവരാണ് ബേപ്പൂർ കിഴക്കുംപാടം നിവാസികൾ. തനിയാവർത്തനത്തിന് ആക്കം കൂട്ടുകയാണ് ബി.സി റോഡ് ചീർപ്പ് പാലത്തിന് സമീപം ഉടമസ്ഥർ ഉപേക്ഷിച്ചു പോയ കൂറ്റൻ ഉരുക്കൾ.

ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന ഇവ വർഷങ്ങൾക്കു മുമ്പ് മൺസൂൺ കടൽയാത്രാ നിരോധ സമയത്ത് അറ്റകുറ്റപണിക്കായി എത്തിയതാണ്. കാലക്രമത്തിൽ ഇവ നശിച്ച് ഉപയോഗ യോഗ്യമല്ലാതായി. പുഴയിൽ പാതി മുങ്ങിയ ഇവയിൽ മണലും ചെളിയും അടിഞ്ഞു കൂടി.ഇതോടെ ചാലിയാറിന്റെ കൈവഴിയിലേക്ക് എത്തുന്ന തോടുകളിൽ നിന്നുള്ള ഒഴുക്കും നിലച്ചു.വടക്കിനിച്ചാൽ തെക്കിനിച്ചാൽ തോണിച്ചിറ വഴി കിഴക്കുംപാടത്തു കൂടിയുള്ള തോടിലൂടെയാണ് മഴവെള്ളം പുഴയിലെത്തുന്നത്. ഒഴുക്ക് നിലച്ചതിനാൽ ചെറിയ മഴയ്ക്ക് പോലും പ്രദേശത്ത് വെള്ളം ഉയരുന്ന നിലയാണ്.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ വെള്ളം ഒഴുകി പോകാൻ സമയം ഏറെയെടുത്തു. ഇവിടുത്തെ വെള്ളക്കെട്ടിന് പ്രധാന കാരണം പുഴയിലുപേക്ഷിക്കപ്പെട്ട ഉരുവിൽ തടഞ്ഞിരിക്കുന്ന മണലും ചെളിയുമാണെന്ന് കിഴക്കുംപാടം റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഷൈജു ചെറുവലത്ത് പറഞ്ഞു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പ്രദേശത്തെ കൂട്ടായ്മ ഉരുക്കൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിക്കാനുള്ള നീക്കത്തിലാണ്

ബി.സി റോഡിനും കോഴിതുരുത്തിനും ഇടയിലുള്ള പുഴയിലാണ് മത്സ്യ ബന്ധനം കഴിഞ്ഞെത്തുന്ന ചെറിയ യാനങ്ങൾ നിർത്തിയിടുന്നത്. അറ്റകുറ്റപണിക്കുള്ള സൗകര്യം ഈ പ്രദേശത്ത് ഉണ്ട്.ഇവർക്കും വഴിമുടക്കിയാണ് ഈ ഉരുക്കൾ.
മുൻ കാലങ്ങളിൽ ചകിരിയും തേങ്ങയും മറ്റും തോണികളിൽ കൊണ്ടു പോയിരുന്ന തോടുകളിൽ ഇപ്പോൾ ചെളിയടിഞ്ഞിരിക്കുകയാണ്. വിഷയത്തിന്റെ ഗൗരവം അധികൃതരെ പല തവണ അറിയിച്ചിരുന്നതായി സ്ഥലം കൗൺസിലർ നെല്ലിക്കോട്ട് സതീഷ് കുമാർ പറഞ്ഞു. മണലും ചെളിയും നീക്കം ചെയ്യുന്നതോടൊപ്പം ഉരുക്കൾ നീക്കാനും അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ഇത്തവണ വെള്ളപൊക്ക ദുരിതത്തിന്റെ വ്യാപ്തി വർദ്ധിക്കുമെന്നും അദ്ധേഹം പറഞ്ഞു.

ഉപയോഗശൂന്യമായ ഉരുക്കൾ പുഴയിൽ ഉപേക്ഷിച്ചു പോയവർക്കെതിരെ കർശ്ശന നിയമ നടപടികൾ സ്വീകരിക്കാവുന്നതാണ്. തുറമുഖ വകുപ്പിനേ ഈ വിഷയത്തിൽ ഒരു പരിഹാരം കാണാൻ സാധിക്കുകയൊള്ളു.കാലാവധി കഴിഞ്ഞതോ പ്രവർത്തനക്ഷമമല്ലാത്തതോ ആയ യാനങ്ങൾ പൊളിച്ച് നീക്കും മുമ്പ് തുറമുഖ അധികൃതരെ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ അതും പാലിക്കപെട്ടിട്ടില്ല. ഉരുക്കൾ നീക്കം ചെയ്യുന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല നടപടി പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close