KERALAlocaltop news

മനുഷ്യാവകാശ കമ്മീഷൻ ഇടപ്പേട്ടു ; താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കാൻ നടപടി

 

 

കോഴിക്കോട്: വയനാട് – കോഴിക്കോട് റോഡിലെ താമരശേരി ചുരത്തിലുള്ള ഗതാഗതകുരുക്ക് തടയാൻ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശാനുസരണം കോഴിക്കോട് എ ഡി എമ്മിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാകളക്ടർ കമ്മീഷനെ അറിയിച്ചു.

കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.

മൾട്ടി ആക്സിൽ വാഹനങ്ങൾക്കും കെട്ടിട സാമഗ്രികൾ കൊണ്ടുവരുന്ന ടോറസ്, ടിപ്പർ വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് 3 മുതൽ 9 വരെയും തിങ്കളാഴ്ചകളിൽ രാവിലെ 7 മുതൽ 9 വരെയും നിയന്ത്രണം ഏർപ്പെടുത്തി.

ആർ.ആർ.ടി ടീം രൂപീകരിച്ച് മൊബൈൽ വർക്ക്ഷോപ്പ് സംവിധാനം സജ്ജീകരിക്കും. ചുരത്തിൽ കുടുങ്ങുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റും. ആർ.ആർ.ടിക്ക് 2 ടീം രൂപീകരിക്കും. വയനാട് ആർ.ടി.ഒ പോലിസ് മേധാവിയുമായി ചേർന്നും കോഴിക്കേട് ആർ.ടി.ഒ ജില്ലാ പോലീസ് മേധാവിയുമായി ചേർന്നും ടീം രൂപികരിക്കണം.

ട്രാഫിക് ഔട്ട് പോസ്റ്റുകളിൽ വയർലെസ് സംവിധാനം മുഖേന ചുരം റോഡ് ആരംഭിക്കുന്നിടത്തും അവസാനിക്കുന്ന സ്ഥലത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണം. ഇതിനായി ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹായം ഉപയോഗിക്കാം.

അടിയന്തര ഘട്ടത്തിൽ ബദൽ പാതയായി പൂഴിത്തോട് പടിഞ്ഞാറെത്തറ റോഡ് ഉപയോഗിക്കാൻ എം.എൽ.എ തല യോഗം വിളിക്കും. ചുരത്തിന്റെ തുടക്കത്തിലും അവസാനത്തിലും ശുചിമുറി സംവിധാനം ഏർപ്പെടുത്താൻ പഞ്ചായത്തിന് നിർദ്ദേശം നൽകും. ടേക്ക് എ ബ്രേക്ക് സംവിധാനം പരീക്ഷിക്കും.

ചുരത്തിൽ ഗതാഗത തടസമുണ്ടായൽ വാഹനങ്ങൾ ചുരത്തിൽ കയറ്റി വിടാതെ ഗതാഗത കുരുക്ക് പെട്ടെന്ന് പരിഹരിക്കും.

 

ചുരത്തിന്റെ വീതി കൂട്ടാൻ പൊതുമരാമത്ത്, ദേശീയ പാതാ വിഭാഗത്തിന്റെ നിലവിലുള്ള പദ്ധതികൾ ആരംഭിക്കാൻ ദേശീയ പാതാ വിഭാഗത്തിന് നിർദ്ദേശം നൽകി. ചുരം റോഡിലുള്ള അനധികൃത കടകൾ നീക്കാനും നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും നൽകിയ റിപ്പോർട്ടുകളിൽ പറയുന്നു.

നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കിയില്ലെങ്കിൽ ഗതാഗത തടസം തുടരുമെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. നിയന്ത്രണങ്ങൾ
പാലിക്കുന്നതായി ഉറപ്പാക്കാൻ സ്ഥിരം സംവിധാനം ആവശ്യമാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തണം. പോലീസ് സേനയെ ആവശ്യാനുസരണം വിനിയോഗിക്കണം. രണ്ടാഴ്ചയിലൊരിക്കൽ റിവ്യൂ ചെയ്യണം. ഇക്കാര്യത്തിൽ ഇരു ജില്ലാ കളകടർമാരും പ്രത്യേകം താൽപ്പര്യമെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ബത്തേരി നഗരസഭാ മുൻ ചെയർമാൻ ടി.എൽ. സാബു സമർപ്പിച്ച പരാതിയിലാണ് നടപടി ‘

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close