localtop news

166 മത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷവും അത്താണിക്കൽ ശ്രീനാരായണഗുരുവരാശ്രമം ശതാബ്ദി ആഘോഷവും മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: നവോത്ഥാനത്തിൻ്റെ പ്രവാചകനായിരുന്ന ശ്രീനാരായണഗുരുദേവൻ്റെ ആധ്യാത്മിക ഔന്നത്യം കേരളത്തിലോ ഭാരതത്തിൻ്റെ നാലതിരുകൾക്കുള്ളിലോ ഒതുങ്ങുന്നതല്ലെന്നും ലോക ഗുരുസ്ഥാനത്ത് വിരാജിക്കപെടേണ്ട മഹാ സന്യാസിയും അറിവിൻ്റെ ഏറ്റവും വലിയ പ്രതീകവുമാണ് ശ്രീനാരായണഗുരുദേവനെന്നും മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച 166 മത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷത്തിൻ്റെയും അത്താണിക്കൽ ശ്രീനാരായണഗുരുവരാശ്രമം ശതാബ്ദി ആഘോഷത്തിൻ്റെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദവും സാമൂഹ്യ മാറ്റത്തിൻ്റെ ശംഖൊലി യുമായിരുന്നു ഗുരുദേവൻ മുഴക്കിയത് .
കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ഭൗതിക സമ്പത്തു മാത്രം സ്വായത്തമാക്കിയാൽ ശാന്തിയും സമാധാനവും നേടാനാവില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയുവാനും
മഹാ സന്യാസിയായ ഗുരുദേവൻ്റെ വിചാരധാരയെ സ്വാംശീകരിക്കാനും പുതിയ തലമുറ തയ്യാറാകേണ്ടതും സാധനാ പാഠമായി ഉൾക്കൊള്ളേണ്ടതുമാണ്.
കേരളത്തിലെ ഹൈന്ദവ സമൂഹത്തിലെ വലിയൊരു വിഭാഗം ആയ ശ്രീ നാരായണീയ സമൂഹം പൊതു ഹിന്ദു ധാരയുടെ ഭാഗമല്ലെന്ന ചിന്താഗതി രൂഢ മൂലമായിരുന്ന കേരളീയ സമൂഹത്തിൽ ഗുരുദേവൻ്റെ ആത്മീയ ദർശനത്തെ ജനകീയമാക്കാൻ വർത്തമാനകാല എസ്എൻഡിപി യോഗ നേതൃത്വം കാണിച്ച ആർജ്ജവം അഭിനന്ദനാർഹമാണ്. ഗുരുദേവൻ്റെ ആദ്ധ്യാത്മികതയെ ജനഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കാൻ സാധിച്ചത് കേരളത്തിൽ വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്.
ശതാബ്ദി ആഘോഷിക്കുന്ന അത്താണിക്കൽ ഗുരുവരാശ്രമത്തിൻ്റെ സ്ഥാപകനായ ചൈതന്യ സ്വാമികൾ ഉൾപ്പെടെയുള്ള ഗുരുവിൻ്റെ പ്രമുഖരായ പല സന്യാസി ശ്രേഷ്ഠരും വ്യത്യസ്ത ജാതി വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു എന്നതും ഏറെ ശ്രദ്ധേയമാണ് എന്നും
ഭാവി ലോകത്തിന് വഴികാട്ടിയാണ് ഗുരുദേവ ദർശനങ്ങൾ എന്നും മിസോറാം ഗവർണർ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ യൂണിയൻ സെക്രട്ടറി സുധീഷ് കേശവ പുരി സ്വാഗതം പറഞ്ഞു യൂണിയൻ പ്രസിഡൻറ് ഷ നൂബ് താമരക്കുളം അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണവും ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തി. യോഗം ഡയറക്ടർ കെ.ബിനുകുമാർ, വനിതാസംഘം യൂണിയൻ പ്രസിഡണ്ട് ലീല വിമലേശൻ, യൂണിയൻ കൗൺസിലർ മാരായ എം രാജൻ, വി സുരേന്ദ്രൻ, എം.മുരളീധരൻ, ചന്ദ്രൻ പാലത്ത്, മോഹൻദാസ് കക്കുഴിപാലം, സുനിൽകുമാർ പുത്തൂർ മഠം, സന്തോഷ് വേങ്ങേരി ,പി ബാലരാമൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close