KERALALOKSABHA 2024Politicstop news

സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ഈ മാസം പിന്‍വലിച്ചത് ഒരു കോടി രൂപ

തൃശൂര്‍: സി പി എമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യ എം ജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം പിന്‍വലിച്ചത് ഒരു കോടി രൂപ. അതേസമയം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ സുതാര്യമാണെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചു. നാല് കോടി 80 ലക്ഷം രൂപയാണ് ബാങ്കില്‍ ഇപ്പോഴത്തെ ബാലന്‍സ്.

ആദായനികുതി വകുപ്പിന്റെ തൃശൂര്‍ യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12ന് ആരംഭിച്ച പരിശോധന രാത്രി വരെ തുടര്‍ന്നു. പരിശോധന സമയത്ത് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ല. എറണാകുളത്ത് ഇ ഡിയുടെ മൊഴിയെടുപ്പിന് ശേഷമായിരുന്നു ആദായനികുതി ഉദ്യോഗസ്ഥര്‍ സി പി എം തൃശൂര്‍ജില്ലാ സെക്രട്ടറി എം എം വര്‍ഗീസില്‍ നിന്ന് മൊഴി ശേഖരിച്ച് തുടങ്ങിയത്.

ഈ അക്കൗണ്ട് വിവരങ്ങള്‍ ആദായനികുതി റിട്ടേണില്‍ ഉള്‍പ്പെടാതിരുന്നതിനെക്കുറിച്ച് എം എം വര്‍ഗീസിന്റെ മറുപടി തൃപ്തികരമല്ലെന്ന നിലയിലാണ് സംഘം ഇന്നലെ മടങ്ങിയത്. പാര്‍ട്ടിയും പാര്‍ട്ടിയുട അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ജില്ലാ സെക്രട്ടറിയും അക്കൗണ്ടിലെ ഇത്ര വലിയ തുക ഇതേവരെ കണക്കില്‍ കാണിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു.

കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വിശദമായ അന്വേഷണം നടത്തിവരികയാണ്. കരുവന്നൂരിന്റെ അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ സി പി എമ്മിന് ഉണ്ടെന്ന് ഇ ഡി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം ഇ ഡി ആര്‍ ബി ഐക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close